സംഗീതമഴ, പുഷ്‍പമഴ; സുബിന്‍ മേത്തയുടെ വിടവാങ്ങല്‍ വികാരാര്‍ദ്രം

By Web TeamFirst Published Oct 22, 2019, 10:41 AM IST
Highlights

മുംബൈ സ്വദേശിയാണ് സുബിന്‍ മേത്ത. വയലിനിസ്റ്റ് മെഹ്ലി മേത്തയാണ് പിതാവ്. യുഎസ്സില്‍ സ്ഥിരതാമസമുള്ള മേത്ത ഐപിഒയുടെ ആജീവനാന്ത മ്യൂസിക് ഡയറക്ടറായിരുന്നു. 

ഇസ്രയേല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയെ 50 വര്‍ഷമായി നയിച്ച സുബിന്‍ മേത്ത ഒടുവില്‍  ടെല്‍ അവീവിലെ വേദിയില്‍വെച്ച് തന്‍റെ അവസാനത്തെ സംഗീതമേള നിയന്ത്രിച്ചു. ഇന്ത്യക്കാരനായ സുബിന്‍ മേത്ത കഴിഞ്ഞ അരനൂറ്റാണ്ടായി ഐപിഒ -യെ നിയന്ത്രിക്കുകയാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തിയിരുന്നു. 83 വയസ്സുള്ള മേത്ത 3000 -ത്തിലേറെ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. 

മുംബൈ സ്വദേശിയാണ് സുബിന്‍ മേത്ത. വയലിനിസ്റ്റ് മെഹ്ലി മേത്തയാണ് പിതാവ്. യുഎസ്സില്‍ സ്ഥിരതാമസമുള്ള മേത്ത ഐപിഒയുടെ ആജീവനാന്ത മ്യൂസിക് ഡയറക്ടറായിരുന്നു. അതിന്‍റെ ഭാഗമായി ഇസ്രായേലിലടക്കം യാത്രകള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം ഔദ്യോഗികമായി വിടവാങ്ങുന്നതിന് മുമ്പ് തിങ്ങിനിറഞ്ഞ സദസ്സിനോട് മേത്ത സംസാരിച്ചു. ക്ഷമാപണം കൂടി കലര്‍ന്നതായിരുന്നു സംസാരം. ഹീബ്രു ഭാഷ സംസാരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞു. ''കഴിഞ്ഞ 50 വര്‍ഷങ്ങളായി എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചു. പക്ഷേ, ഹീബ്രു ഭാഷ പഠിക്കാന്‍ മാത്രം എനിക്കായില്ല. ഇപ്പോള്‍ ഞാനത് സംഗീതത്തിലൂടെ പ്രകടിപ്പിക്കുകയാണ്'' എന്നാണ് മേത്ത പറഞ്ഞത്. 

വിടവാങ്ങല്‍ പരിപാടിയില്‍ മേത്ത നയിച്ചത് ലിസ്റ്റിന്‍റെ പിയാനോ കണ്‍സെര്‍ടോയും ഗുസ്‍താവ് മാലറുടെ റിസറക്ഷന്‍ സിംഫണിയുമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാത്‍സി ക്രൂരതകളുടെ പഴയ ബുകന്‍വാള്‍ഡ് ജൂതക്യാമ്പുണ്ടായിരുന്നിടത്ത് റിസറക്ഷന്‍ സിംഫണി നടത്തിയിരുന്നു മേത്ത. അന്നത് വലിയ വാര്‍ത്തയായിരുന്നു. 2003 -ല്‍ വിഘടനവാദികളുടെ തുടര്‍ച്ചയായ ഭീഷണിക്കിടയിലും സുബിന്‍ മേത്ത 'ഫീല്‍ ഓഫ് കശ്മീര്‍' എന്ന് പേരിട്ട സംഗീതപരിപാടിയുമായി എത്തിയിരുന്നു. എന്തുവന്നാലും പരിപാടി അവതരിപ്പിക്കുമെന്ന നിര്‍ബന്ധത്തിലായിരുന്നു മേത്ത. മേത്തയുടെ എണ്‍പതാമത്തെ പിറന്നാളിന് 2016 -ല്‍ അദ്ദേഹം മുംബൈയിലെത്തിയിരുന്നു. അന്ന്, 'ഞാനൊരു പക്കാ ഇന്ത്യക്കാരനാണെന്നും മുംബൈയാണ് എന്‍റെ വീടെന്നും' അദ്ദേഹം പറഞ്ഞിരുന്നു. നാഷണല്‍ സെന്‍റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സിലായിരുന്നു അന്ന് പരിപാടി നടന്നത്. 

 

മേത്തയ്ക്ക് അദ്ഭുതമേകി പിയാനിസ്റ്റായ യെഫിന്‍ ബ്രോണ്‍ഫ്മാന്‍ 2020-2021 സീസണിന്റെ തുടക്കത്തിൽ ഐപിഒ സംഗീത സംവിധായകനായി ചുമതലയേറ്റ ലഹവ് ഷാനി എന്നിവര്‍ വേദിയിലെത്തി. 'സ്ലാവോണിക് ഡാന്‍സസ്' ആണ് അവര്‍ വേദിയിലവതരിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഈ വിടവാങ്ങല്‍ ചടങ്ങ് അവസാനിച്ചത് കാണികള്‍ മേത്തയ്ക്കും ഭാര്യ നടിയായ നാന്‍സി കൊവാക്കിനും മീതെ പൂക്കള്‍ വര്‍ഷിച്ചുകൊണ്ടായിരുന്നു. 

ഇന്ത്യ ഗവണ്‍മെന്‍റ് 1996 -ല്‍ അദ്ദേഹത്തെ പദ്‍മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2001 -ല്‍ പദ്‍മ വിഭൂഷണ്‍ നല്‍കിയും. ഇസ്രായേല്‍ പ്രൈസിലടക്കം നിരവധി പുരസ്‍കാരങ്ങളും മേത്തയെ തേടിയെത്തിയിട്ടുണ്ട്. 

click me!