ഗൂഗിൾ അക്കൗണ്ട് പാസ്‍വേർഡ് മറന്നോ? വീണ്ടെടുക്കാൻ ഇനി സെൽഫി വീഡിയോ; പുതിയ സുരക്ഷാ ഫീച്ചർ

Published : Jul 24, 2026, 02:06 PM IST
Google account recovery with selfie video

Synopsis

ഗൂഗിൾ അക്കൗണ്ടുകൾ വീണ്ടെടുക്കാൻ 'സെൽഫി വീഡിയോ' എന്ന പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. സൈൻ ഇൻ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ, ഉപയോക്താക്കൾക്ക് സ്വന്തം മുഖത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് ഐഡന്റിറ്റി സ്ഥിരീകരിക്കാം. എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം അക്കൗണ്ട് സുരക്ഷ വർദ്ധിപ്പിക്കുന്നു.

ഗൂഗിൾ അക്കൗണ്ടുകളിൽ സൈൻ ഇൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന ഉപയോക്താക്കൾക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ‘സെൽഫി വീഡിയോ’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം മുഖത്തിന്റെ ചെറിയ വീഡിയോ റെക്കോർഡ് ചെയ്ത് അക്കൗണ്ട് തിരിച്ചെടുക്കാൻ സാധിക്കും. അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, അല്ലെങ്കിൽ സാധാരണയായി ഉപയോഗിക്കുന്ന ഫോൺ, കമ്പ്യൂട്ടർ എന്നിവ ലഭ്യമല്ലാത്ത സമയങ്ങളിൽ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എങ്ങനെയാണ് സെൽഫി വീഡിയോ പ്രവർത്തിക്കുന്നത്?

ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സിലെ സെക്യൂരിറ്റി ആൻഡ് സൈൻ-ഇൻ വിഭാഗത്തിൽ നിന്ന് സെൽഫി വീഡിയോ ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് ഉപകരണത്തിലെ ക്യാമറയ്ക്ക് മുന്നിൽ നോക്കി, നിർദേശങ്ങൾ അനുസരിച്ച് തലയുടെ ചെറിയ ചലനങ്ങൾ നടത്തണം. ഉപയോക്താവിന്റെ മുഖത്തിന്റെ വിവിധ കോണുകൾ പകർത്തുന്നതിനായാണ് ഈ പ്രക്രിയ. ഇതിലൂടെ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തി യഥാർഥ ആളാണോ എന്ന് ഗൂഗിളിന്റെ സംവിധാനത്തിന് പരിശോധിക്കാൻ കഴിയും.

തിരിച്ചറിയൽ ഉറപ്പാക്കാൻ എഐ

സെൽഫി വീഡിയോ പരിശോധിക്കാൻ ഗൂഗിൾ പ്രത്യേക മോഡൽ ഉപയോഗിക്കുമെന്ന് അറിയിച്ചു. ഉപയോക്താവ് യഥാർഥ വ്യക്തിയാണോ, ചില ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കാൻ ആവശ്യമായ പ്രായപരിധി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഭാവിയിൽ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഉപയോക്താവിന് പുതിയൊരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്യാം. ഇത് മുമ്പ് സേവ് ചെയ്ത വീഡിയോയുമായി താരതമ്യം ചെയ്താണ് വ്യക്തിത്വം സ്ഥിരീകരിക്കുക.

വീഡിയോ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഗൂഗിൾ

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായി ഗൂഗിൾ വ്യക്തമാക്കി. ഉപയോക്താവിന്റെ അനുമതിയോടെയാണ് വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും, സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത നിലയിലാണ് സൂക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. സെൽഫി വീഡിയോയും ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിൾ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്സ് വിഭാഗത്തിൽ സൂക്ഷിക്കും. ഉപയോക്താക്കൾക്ക് ആവശ്യമുള്ളപ്പോൾ ഈ വീഡിയോ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

സംശയാസ്‍പദമായ ലോഗിൻ ശ്രമങ്ങൾ തടയാൻ പുതിയ നീക്കം

സംശയകരമായ സൈൻ-ഇൻ ശ്രമങ്ങൾ കണ്ടെത്താനും തടയാനും ഗൂഗിൾ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സെൽഫി വീഡിയോ സംവിധാനം അതിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഉപയോക്താവ് യഥാർഥത്തിൽ ക്യാമറയ്ക്ക് മുന്നിൽ സന്നിഹിതനാണെന്ന് ഉറപ്പാക്കാൻ തല ചലിപ്പിക്കൽ പോലുള്ള ലളിതമായ നിർദേശങ്ങൾ പാലിക്കേണ്ടി വരും.

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌വേഡ് മറന്നുപോകുകയോ സാധാരണ സൈൻ-ഇൻ മാർഗങ്ങൾ ലഭ്യമാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് വീണ്ടെടുക്കൽ കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

ബ്രിട്ടന്‍റെ പുതിയ എഐ മന്ത്രി ബിഹാർ സ്വദേശി, ആരാണ് കനിഷ്‍ക നാരായൺ?
ആധാർ ബയോമെട്രിക് ലോക്ക്; സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ അറിയേണ്ട 10 കാര്യങ്ങൾ