ഇന്‍റർനെറ്റ് ഇല്ലാതെയും സന്ദേശമെത്തും; എന്താണ് സിജെപി സമരത്തിനിടെ ചർച്ചയായ ബിറ്റ്ചാറ്റ് ആപ്പ്?

Published : Jul 26, 2026, 08:09 AM IST
BITCHAT, How Bitchat app works, CJP

Synopsis

സിജെപി സമരകാലത്ത് ശ്രദ്ധ നേടിയ, ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്പാണ് ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണുകളെ പരസ്പരം ബന്ധിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്ന ഈ ആപ്പ്, വികേന്ദ്രീകൃത ആശയവിനിമയത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്നു.

സിജെപി സമരം അവസാനിച്ചെങ്കിലും, ആ പ്രതിഷേധ കാലയളവിൽ ടെക് ലോകത്ത് വലിയ കൗതുകമായി മാറിയ ഒരു ആപ്പ് ഇപ്പോഴും ചർച്ചയിലാണ്. ഇന്റർനെറ്റ് കണക്ഷനോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാതെ തന്നെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് (Bitchat) എന്ന മെസേജിങ് ആപ്പാണ് ഇപ്പോൾ ടെക് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

സാധാരണയായി വാട്ട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. എന്നാൽ ബിച്ചാറ്റിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണ്. ബ്ലൂടൂത്ത് ലോ എനർജി (BLE) സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപത്തുള്ള ഫോണുകളെ പരസ്‍പരം ബന്ധിപ്പിച്ചാണ് ഈ ആപ്പ് സന്ദേശങ്ങൾ കൈമാറുന്നത്. സിജെപി സമരത്തിനിടെ ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചതിന് പിന്നാലെയാണ് ഇത്തരം ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിങ് ആപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. പ്രതിഷേധക്കാർ ആശയവിനിമയം നിലനിർത്താൻ ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചോ എന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സംഭവമാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കാൻ കഴിയുന്ന വികേന്ദ്രീകൃത ആശയവിനിമയ സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ തിരിച്ചത്.

ഇന്റർനെറ്റ് ഇല്ലാത്ത മെസേജിങ് എങ്ങനെ സാധ്യമാകും?

ബിച്ചാറ്റിന് പിന്നിലെ ആശയം വളരെ ലളിതമാണ്. ഒരു ഫോണിൽ നിന്ന് അയക്കുന്ന സന്ദേശം അടുത്തുള്ള മറ്റൊരു ഫോണിലേക്ക് ബ്ലൂടൂത്ത് വഴി കൈമാറുന്നു. പിന്നീട് ആ ഫോൺ മറ്റൊരു ഉപകരണത്തിലേക്ക് സന്ദേശം കൈമാറും. ഇങ്ങനെ നിരവധി ഫോണുകൾ ചേർന്ന് ഒരു ചെറിയ നെറ്റ്‌വർക്ക് രൂപപ്പെടുമ്പോൾ സന്ദേശങ്ങൾ കൂടുതൽ ദൂരത്തേക്ക് എത്തിക്കാൻ കഴിയും.

കേന്ദ്രീകൃത സെർവറുകളെ ആശ്രയിക്കാത്തതിനാൽ സാധാരണ മെസേജിങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അക്കൗണ്ട് സൃഷ്‍ടിക്കുകയോ ഫോൺ നമ്പർ നൽകുകയോ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ദുരന്ത മേഖലകൾ, പ്രകൃതി ദുരന്ത സമയങ്ങൾ, നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഇത്തരം സാങ്കേതികവിദ്യകൾക്ക് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ജാക്ക് ഡോർസിയുടെ പുതിയ ആശയം ചർച്ചയാകുന്നത് എന്തുകൊണ്ട്?

ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി അവതരിപ്പിച്ച ബിറ്റ്ചാറ്റ്, ഭാവിയിലെ ആശയവിനിമയ രീതികളെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകൾക്ക് പകരം ഉപകരണങ്ങൾ തമ്മിൽ നേരിട്ട് ബന്ധപ്പെടുന്ന രീതിയിലുള്ള സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, ഇത്തരം സംവിധാനങ്ങൾ സുരക്ഷാ ഏജൻസികൾക്ക് പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നു. സെർവറുകളിൽ ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കാത്തതിനാൽ ആശയവിനിമയം നിരീക്ഷിക്കാനും അന്വേഷണങ്ങൾ നടത്താനും കൂടുതൽ ബുദ്ധിമുട്ടുണ്ടാകാം.

സമരത്തിൽ നിന്ന് ടെക് ചർച്ചയിലേക്ക്

സിജെപി സമരം അവസാനിച്ചെങ്കിലും ആ കാലയളവിൽ ശ്രദ്ധ നേടിയ ബിച്ചാറ്റ് പോലുള്ള ആപ്പുകൾ ഒരു വലിയ സാങ്കേതിക ചോദ്യമാണ് ഉയർത്തുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും മനുഷ്യരെ ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഭാവിയിൽ എത്രത്തോളം പ്രാധാന്യമാകും എന്നതാണ് ആ ചോദ്യം. ഒരിക്കൽ വൈദ്യുതി മുടങ്ങിയാലും പ്രവർത്തിച്ചിരുന്ന റേഡിയോ പോലുള്ള സാങ്കേതികവിദ്യകൾക്ക് സമാനമായി, ഇന്റർനെറ്റിനെ ആശ്രയിക്കാത്ത ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ ഭാവിയിൽ ദുരന്തനിവാരണം മുതൽ ദൈനംദിന ആശയവിനിമയം വരെ നിരവധി മേഖലകളിൽ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഗൂഗിൾ അക്കൗണ്ട് പാസ്‍വേർഡ് മറന്നോ? വീണ്ടെടുക്കാൻ ഇനി സെൽഫി വീഡിയോ; പുതിയ സുരക്ഷാ ഫീച്ചർ
ബ്രിട്ടന്‍റെ പുതിയ എഐ മന്ത്രി ബിഹാർ സ്വദേശി, ആരാണ് കനിഷ്‍ക നാരായൺ?