'സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷിതത്വം'; സൈബര്‍ ജാഗ്രത സേഫ്‌ടെക് ക്യാമ്പയിന് തുടക്കമായി

Published : Oct 08, 2026, 01:00 PM IST
Cyber Jagratha awareness campaign

Synopsis

ക്യാമ്പെയ്‌ന്റെ ആദ്യഘട്ടത്തില്‍ 1,000 അക്കാദമിക് അംബാസഡര്‍മാര്‍ക്കും 1,500 കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ക്കും പരിശീലനം നല്‍കും. ഇവരിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികളിലേക്കും ഒരു ലക്ഷം പൗരന്മാരിലേക്കും സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷിതത്വം, ഉത്തരവാദിത്തത്തോടെയുള്ള സാങ്കേതികവിദ്യാ ഉപയോഗം എന്നിവ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ 'സൈബര്‍ ജാഗ്രത സേഫ്‌ടെക്' ക്യാമ്പയിന് തുടക്കം കുറിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി. മിഷനാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. വ്യവസായ, ഐ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച പുതിയ അവസരങ്ങള്‍ക്കൊപ്പം ദുരുപയോഗത്തിനുള്ള സാധ്യതകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാധാരണ ഉപയോക്താക്കള്‍ സൈബര്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ അവരെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഈ ലക്ഷ്യത്തോടെയാണ് സൈബര്‍ ജാഗ്രത ക്യാമ്പെയ്‌ന് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പെയ്‌ന്റെ ആദ്യഘട്ടത്തില്‍ 1,000 അക്കാദമിക് അംബാസഡര്‍മാര്‍ക്കും 1,500 കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ക്കും പരിശീലനം നല്‍കും. ഇവരിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികളിലേക്കും ഒരു ലക്ഷം പൗരന്മാരിലേക്കും സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുകയാണ് ലക്ഷ്യം.

സേഫ്‌ടെക് ക്ലബുകള്‍, കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍, സൈബര്‍ സുരക്ഷ സംബന്ധിച്ച വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നിവയിലൂടെയാണ് ക്യാമ്പയിന്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റ് സൈബര്‍ ഭീഷണികളും തിരിച്ചറിയാനും അവയില്‍ നിന്ന് സംരക്ഷണം നേടാനും അപകടസാധ്യതകള്‍ നേരിടുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മനസ്സിലാക്കാനും സുരക്ഷിതമായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗ്യചിഹ്നം 'കിയോ' ചടങ്ങില്‍ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ക്യാമ്പയിന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി എന്‍. ഷംസുദ്ദീന്‍ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. ക്യാമ്പയിന്‍ അംബാസഡര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ തൊഴില്‍, മൃഗസംരക്ഷണം, വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ പുറത്തിറക്കി. ചടങ്ങിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ പ്രതിജ്ഞയും നടത്തി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ.എ.എസ്, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ഐ.എ.എസ്, ഐ.സി.ടി. അക്കാദമി ഓഫ് കേരള സി.ഇ.ഒ. മുരളീധരന്‍ മണ്ണിങ്ങല്‍, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് മേധാവി അല്‍ഫ എസ്.എസ്. കെ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ ശബ്‍ദമാകാൻ ഈ ആഗോള എഐ കമ്പനി വരുന്നു!
എയർടെൽ പോസ്റ്റ്‍പെയിഡ് പ്ലാനുകളിലെ ഈ പുതിയ മാറ്റം അറിഞ്ഞോ?