
ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ലണ്ടൻ ആസ്ഥാനമായ എഐ വോയ്സ് കമ്പനിയായ ഇലവൻലാബ്സ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമെന്നും വർഷാവസാനത്തോടെ രാജ്യത്ത് 100 അംഗങ്ങളുള്ള ടീമിനെ രൂപീകരിക്കുമെന്നും കമ്പനി അറിയിച്ചു. അമേരിക്കയ്ക്ക് പുറത്തുള്ള ഇലവൻലാബ്സിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ‘നൂറുകണക്കിന് മില്യൺ ഡോളർ’ നിക്ഷേപിക്കാനാണ് പദ്ധതിയെന്ന് ഇലവൻലാബ്സ് സഹസ്ഥാപകൻ മാറ്റി സ്റ്റാനിഷെവ്സ്കി പറഞ്ഞു. വോയ്സ് എഐ രംഗത്ത് ഇന്ത്യക്ക് ആഗോള തലത്തിൽ നേതൃത്വം നൽകാനാകുമെന്നും ഇന്ത്യയെ വോയ്സ് എഐയുടെ പരീക്ഷണശാലയാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭാഷകൾക്ക് അനുസൃതമായി എഐ വോയ്സ് മോഡലുകൾ അടിസ്ഥാനതലത്തിൽ തന്നെ വികസിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ആദ്യ മോഡൽ പുറത്തിറക്കിയപ്പോൾ തന്നെ ഹിന്ദിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നുവെന്നും ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ നൽകുന്നതിനായി തുടക്കം മുതൽ തന്നെ സാങ്കേതിക ഘടന ക്രമീകരിച്ചിരുന്നുവെന്നും സ്റ്റാനിഷെവ്‍സ്‍കി വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയിൽ ആദ്യം മോഡൽ വികസിപ്പിച്ച് പിന്നീട് മറ്റ് ഭാഷകളിലേക്ക് എത്തിക്കുന്ന രീതിക്ക് പകരം പ്രാദേശികമായി തന്നെ സാങ്കേതികവിദ്യ വികസിപ്പിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. നിലവിൽ 14 ഇന്ത്യൻ ഭാഷകൾ ഇലവൻലാബ്‍സ് പിന്തുണയ്ക്കുന്നുണ്ട്. 22 ഭാഷകൾ കൂടി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ 250 സ്ഥാപനങ്ങളുമായി കമ്പനി പ്രവർത്തിക്കുന്നതായി ഇലവൻലാബ്‍സ് ജനറൽ മാനേജറും ഇന്ത്യാ വിഭാഗം മേധാവിയുമായ കാർത്തിക് രാജാറാം പറഞ്ഞു. 14 ഇന്ത്യൻ ഭാഷകളിലായി പ്രതിവർഷം 100 മില്യൺ എഐ ഏജന്റ് സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ പ്രതിമാസം 25,000ത്തിലധികം ഡെവലപ്പർമാരും സ്ഥാപനങ്ങളും കമ്പനിയുടെ എപിഐ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ഏകദേശം 2.5 മടങ്ങ് വർധിച്ചതായും രാജാറാം പറഞ്ഞു. ഫിസിക്സ്വാല, ഹാവെൽസ്, റേസർപേ എന്നിവയ്ക്ക് പുറമെ മീശോ, അർബൻ കമ്പനി, കാർസ്24, 99 ഏക്കേഴ്സ്, ടിവിഎസ് മോട്ടോർ, മഹീന്ദ്ര, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയും കമ്പനിയുടെ ഉപഭോക്താക്കളാണ്.
2022ൽ മാറ്റി സ്റ്റാനിഷെവ്സ്കിയും പിയോട്ടർ ഡബ്കോവ്സ്കിയും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ഇലവൻലാബ്സ്. എഴുത്തിനെ ശബ്ദമാക്കി മാറ്റുക, ശബ്ദം പകർത്തുക, മനുഷ്യരുമായി സംഭാഷണം നടത്താൻ കഴിയുന്ന എഐ ഏജന്റുകൾ വികസിപ്പിക്കുക തുടങ്ങിയ സാങ്കേതികവിദ്യകളാണ് കമ്പനി ഒരുക്കുന്നത്. ഉപഭോക്തൃ സേവനം, റീഫണ്ട് നടപടികൾ, ഇൻഷുറൻസ് പോളിസി പുതുക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ശബ്ദങ്ങളും ഉച്ചാരണരീതികളും പരിഗണിച്ചാണ് എഐ ഏജന്റുകൾ വികസിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു.
കർണാടക ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റിയുമായി ഇലവൻലാബ്സ് ധാരണാപത്രവും ഒപ്പുവച്ചു. വൺ മില്യൺ വോയ്സസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കണ്ടെത്തുന്ന അർഹരായവർക്ക് സൗജന്യ ആജീവനാന്ത ലൈസൻസുകൾ നൽകും. വായ, തൊണ്ട എന്നിവിടങ്ങളിലെ അർബുദം, എഎൽഎസ്, മറ്റ് നാഡീസംബന്ധമായ രോഗങ്ങൾ എന്നിവ കാരണം സംസാരശേഷി നഷ്ടപ്പെട്ടവർക്ക് സ്വന്തം ശബ്ദത്തിന് സമാനമായ കൃത്രിമ ശബ്ദത്തിലൂടെ ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് പദ്ധതി. കന്നഡയിലും ഈ സൗകര്യം ലഭ്യമാക്കും. മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംസാരശേഷി, കേൾവിശേഷി, ശബ്ദം എന്നിവ നഷ്ടപ്പെട്ടവർക്കായി വോയ്സ് സാങ്കേതികവിദ്യ കൂടുതൽ ലഭ്യമാക്കുന്നതിനായി മറ്റ് സ്ഥാപനങ്ങളുമായും ഇലവൻലാബ്സ് ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ആഗോള എഐ കമ്പനികളുടെ സാന്നിധ്യം ശക്തമാകുന്നതിനിടെയാണ് ഇലവൻലാബ്സിന്റെ പുതിയ നീക്കം. ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവ ഇന്ത്യയിൽ ഓഫീസുകൾ തുറക്കുകയും പ്രാദേശിക പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളും എഐ, ക്ലൗഡ്, ഡാറ്റാ സെന്റർ മേഖലകളിൽ ഇന്ത്യയിലെ നിക്ഷേപം ശക്തമാക്കുകയാണ്.