
എഐ രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം പുതിയ നീക്കവുമായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചിപ്പുകൾ മാത്രമല്ല, ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇനി ആവശ്യമായി വരുമെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ഇതിന്റെ ഭാഗമായി എഐ കമ്പനികൾക്ക് ഇത്തരം സൗകര്യങ്ങൾ പാട്ടത്തിന് നൽകുന്ന രീതിയിലേക്ക് കമ്പനി കടക്കുകയാണ്.
എഐ കമ്പനികളുടെ വളർച്ച അതിവേഗത്തിലായതോടെ ആവശ്യമായ കമ്പ്യൂട്ടിങ് ശേഷി കണ്ടെത്തുക തന്നെ വലിയ വെല്ലുവിളിയായി മാറിയെന്നാണ് ഹുവാങിന്റെ വിലയിരുത്തൽ. അൽഗോരിതങ്ങളുടെയോ ഉപഭോക്തൃ ആവശ്യങ്ങളുടെയോ പരിമിതിയേക്കാൾ കൂടുതൽ കമ്പ്യൂട്ടിങ് ശേഷിയുടെ ലഭ്യതയാണ് ഇപ്പോൾ എഐ കമ്പനികളുടെ വളർച്ചയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾക്ക് അത്യാധുനിക ചിപ്പുകൾക്കൊപ്പം വൈദ്യുതി, ഭൂമി, കെട്ടിടങ്ങൾ, മെമ്മറി, നെറ്റ്‌വർക്കിങ് സംവിധാനങ്ങൾ തുടങ്ങിയവയും ആവശ്യമാണ്. ഈ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലാണ് ഇനി എൻവിഡിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒഹായോയിലെ പോർട്സ്-പൈക്ക് ടെക്നോളജി ക്യാമ്പസിൽ എസ്ബി എനർജിയുമായി സഹകരിച്ചാണ് എൻവിഡിയ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ എൻവിഡിയയുടെ എഐ ഫാക്ടറി സ്ഥാപിക്കും. ഓപ്പൺഎഐയായിരിക്കും പദ്ധതിയിലെ വാടകക്കാരൻ. 20 വർഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ ഓപ്പൺഎഐ തന്നെ എഐ ഫാക്ടറിയുടെ പ്രവർത്തനം ഏറ്റെടുക്കും. എൻവിഡിയയുടെ സമഗ്ര എഐ ഫാക്ടറി പ്ലാറ്റ്ഫോമായ ഡിഎസ്എക്സ് ഉപയോഗിച്ചായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.
പോർട്സ്-പൈക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.25 ഗിഗാവാട്ട് ശേഷിയുള്ള എഐ ഫാക്ടറി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ 3.75 ഗിഗാവാട്ട് ശേഷി കൂടി ഉറപ്പാക്കാൻ കഴിയുമെന്നാണ് എൻവിഡിയ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാൽ പദ്ധതിയുടെ ആകെ സാധ്യതയുള്ള ശേഷി 8 ഗിഗാവാട്ടായി ഉയരും. പദ്ധതിയുടെ ആദ്യഘട്ടം 2028നും 2030നും ഇടയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
സാധാരണ ഡാറ്റാ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി എഐ സംവിധാനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന വലിയ തോതിലുള്ള കമ്പ്യൂട്ടിങ് കേന്ദ്രമായിരിക്കും ഇത്. എൻവിഡിയയുടെ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ, കേന്ദ്ര പ്രോസസറുകൾ, നെറ്റ്‌വർക്കിങ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ സോഫ്റ്റ്‌വെയറുകൾ എന്നിവയെല്ലാം ഡിഎസ്എക്സ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. പുതിയ തലമുറ എഐ ചിപ്പുകൾ പുറത്തിറങ്ങുമ്പോഴും ഇതേ കേന്ദ്രങ്ങളിൽ അവ വിന്യസിക്കാൻ കഴിയുന്ന തരത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.
പദ്ധതിയുടെ മുഴുവൻ ചെലവും എൻവിഡിയ ഏറ്റെടുക്കുന്നില്ല. പാട്ടത്തിന്റെയും വൈദ്യുതി ചെലവിന്റെയും നിശ്ചിത ഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ചില സാമ്പത്തിക ബാധ്യതകൾക്ക് ഉറപ്പും എൻവിഡിയ നൽകും. എന്നാൽ വാടകക്കാരനായി തുടരുന്ന ഓപ്പൺഎഐ തന്നെയായിരിക്കും പാട്ടത്തുക നൽകുക. ഇതിന് പുറമെ എസ്ബി എനർജിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനും എൻവിഡിയ തീരുമാനിച്ചിട്ടുണ്ട്.
എഐ രംഗത്തെ കമ്പനികൾ കൂടുതൽ ശക്തമായ കമ്പ്യൂട്ടിങ് സംവിധാനങ്ങൾക്കായി മത്സരിക്കുന്ന സാഹചര്യത്തിലാണ് എൻവിഡിയയുടെ പുതിയ നീക്കം. ചിപ്പുകൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങാതെ എഐ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന സംവിധാനത്തിലേക്കാണ് കമ്പനി കടക്കുന്നത്. ഇതിലൂടെ ഭാവിയിലെ നിരവധി തലമുറകളിലുള്ള എൻവിഡിയ എഐ സംവിധാനങ്ങൾ ഒരേ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.