
എഐ ചിപ്പ് വിപണിയിലെ വമ്പന്മാരായ എൻവിഡിയയുടെ നിർദേശത്തെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ 4 രാജ്യങ്ങളിലേക്കുള്ള സെർവർ കയറ്റുമതി താൽക്കാലികമായി നിർത്തുന്നു. മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സെർവർ വിതരണം നിർത്തിവയ്ക്കാനാണ് ഡെൽ, സൂപ്പർ മൈക്രോ കമ്പ്യൂട്ടർ തുടങ്ങിയ നിർമാണ പങ്കാളികളോട് എൻവിഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, എത്രകാലത്തേക്കാണ് നിയന്ത്രണം തുടരുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മേഖലയിലെ പങ്കാളികൾ അമേരിക്കയുടെ കയറ്റുമതി നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് എൻവിഡിയ സെർവറുകൾ എത്തുന്നതിൽ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുന്നതിന് പ്രധാന കാരണം ചൈനീസ് കമ്പനികളുടെ ഇടപെടലാണ്. എൻവിഡിയയുടെ എഐ ചിപ്പുകൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനുപകരം തെക്കുകിഴക്കൻ ഏഷ്യയിലെ ഡാറ്റാ സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകൾ വിദൂരമായി ഉപയോഗിക്കുന്ന രീതിയാണ് ചില ചൈനീസ് കമ്പനികൾ പിന്തുടരുന്നത്.
ചൈനയ്ക്ക് അത്യാധുനിക കമ്പ്യൂട്ടിങ് ശേഷിയിലേക്കുള്ള പ്രവേശനം തടയുന്നതിന്റെ ഭാഗമായി അമേരിക്ക അടുത്തിടെ കയറ്റുമതി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. ചൈനയ്ക്ക് പുറത്തുള്ള ഡാറ്റാ സെന്ററുകൾ വഴി നിയന്ത്രിത സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പഴുതുകളും ഇതോടെ അടച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രോഗ്രസിന്റെ കണക്കനുസരിച്ച് മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദൂര ഡാറ്റാ സെന്ററുകൾ ചൈനയുടെ എഐ കമ്പ്യൂട്ടിങ് ശേഷിയുടെ ഏകദേശം 24 ശതമാനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ സർക്കാരിന്റെ നിബന്ധനകൾ പാലിക്കുന്നതിനായി മേഖലയിലെ ബിസിനസ് പങ്കാളികളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ പിന്നീട് പിൻവലിക്കാനുള്ള നടപടിക്രമങ്ങളുണ്ടെങ്കിലും അതിന് എപ്പോൾ സാധിക്കുമെന്ന് എൻവിഡിയ വ്യക്തമാക്കിയിട്ടില്ല.
സെർവർ വിതരണം തടസ്സപ്പെടുന്നത് ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാക്കളെയും ഈ രാജ്യങ്ങളിൽ എൻവിഡിയ ചിപ്പുകൾ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അമേരിക്കൻ കമ്പനികളെയും ബാധിച്ചേക്കും. ഡാറ്റാ സെന്റർ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങളും നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സാധ്യതയുണ്ട്.
എൻവിഡിയയുടെ പിന്തുണയുള്ള നിയോക്ലൗഡ് കമ്പനിയായ ഫിർമസ് ഗ്രിഡിന്റെ പദ്ധതികളും ഇതിന്റെ പരിധിയിൽ വന്നേക്കാം. ഓപ്പൺഎഐയ്ക്കായി മലേഷ്യയിൽ 2 ഡാറ്റാ സെന്റർ പദ്ധതികൾ സെപ്റ്റംബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നീട് തെക്കുകിഴക്കൻ ഏഷ്യയിലെ കേന്ദ്രങ്ങളിൽ നിന്ന് എൻവിഡിയ ചിപ്പുകൾ വാടകയ്ക്ക് ഉപയോഗിക്കാൻ മെറ്റയുമായും കരാറിലെത്തി. ഇന്തോനേഷ്യയിലും സിംഗപ്പൂരിലും കമ്പനിക്ക് പദ്ധതികളുണ്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ള എഐ സാങ്കേതികവിദ്യാ മത്സരം ശക്തമാകുന്നതിനിടെ, മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കർശന പരിശോധനയ്ക്ക് വിധേയമാകുന്നുവെന്നതാണ് എൻവിഡിയയുടെ പുതിയ നീക്കം വ്യക്തമാക്കുന്നത്.