സ്‍മാർട്ട്ഫോൺ അടിമകളാകരുത്, എഐയെ പഠിക്കാൻ ഉപയോഗിക്കണം

Published : Nov 22, 2026, 10:51 PM IST
Budget 5G Smartphones

Synopsis

സ്‍മാർട്ട്ഫോൺ ഉപയോഗത്തിൽ വിദ്യാർഥികളും യുവപ്രൊഫഷണലുകളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലേസ് സിഇഒ രോഹിത് കപൂർ ഉപദേശിച്ചു. സാങ്കേതികവിദ്യയെ സ്വന്തം ആവശ്യങ്ങൾക്കും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല സൗഹൃദങ്ങളും കരിയറിലെ ശരിയായ ചുവടുവെപ്പുകളും വിജയത്തിന് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‍മാർട്ട്ഫോൺ ഉപയോഗത്തിൽ വിദ്യാർഥികളും യുവപ്രൊഫഷണലുകളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലേസ് സിഇഒ രോഹിത് കപൂർ. ആറിഞ്ച് സ്ക്രീനിന്റെ അടിമകളാകരുതെന്നും മറിച്ച് സാങ്കേതികവിദ്യയെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ആജ് തക്, ഇന്ത്യ ടുഡേ എന്നിവ സംഘടിപ്പിച്ച മാസ്റ്റർക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിതമായ സ്ക്രീൻ സമയം വിദ്യാർഥികൾക്ക് യാതൊരു ഗുണകരമായ ഫലവും നൽകുന്നില്ലെന്ന് രോഹിത് കപൂർ പറഞ്ഞു. "6 ഇഞ്ച് സ്ക്രീനിന്റെ അടിമകളാകരുത്. അതുകൊണ്ട് നിങ്ങൾക്ക് ഒരു ഗുണവുമില്ല. പകരം സാങ്കേതികവിദ്യയെ നിങ്ങളുടെ അടിമയാക്കുക. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്," അദ്ദേഹം വ്യക്തമാക്കി. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായിരിക്കണം സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഡിജിറ്റൽ അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് എഐ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിൽ വലിയ അന്തരമുണ്ടാകാമെന്ന് രോഹിത് കപൂർ മുന്നറിയിപ്പ് നൽകി. വിനോദത്തിനായി മാത്രം എഐ ഉപയോഗിക്കാതെ ജോലി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പഠനത്തിനും പ്രയോജനപ്പെടുത്തണം.

സാമ്പത്തികമായി ഇന്ത്യയിൽ അസമത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ രംഗത്ത് എല്ലാവർക്കും ഒരുപോലെ അവസരങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. "ഇന്ത്യ ഡിജിറ്റലായി തുല്യമാണ്, എന്നാൽ സാമ്പത്തികമായി അസമമാണ്. ഇന്റർനെറ്റ് എല്ലാവർക്കും ഒരുപോലെ ലഭ്യമാണ്. പഠിക്കാനും മുന്നേറാനും ഒരേ അവസരമാണ് അത് നൽകുന്നത്," അദ്ദേഹം പറഞ്ഞു.

പഠനത്തിന്റെയും കഴിവിന്റെയും കാര്യത്തിൽ ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ കൂടുതൽ മികവ് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ വിദ്യാർഥികൾക്ക് ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നും അവരുടെ മുന്നേറ്റത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുഹൃദ്‌വലയവും വിജയത്തിൽ നിർണായകം

നല്ല സൗഹൃദങ്ങളും മികച്ച സഹപ്രവർത്തകരും ഒരാളുടെ വളർച്ചയിൽ നിർണായകമാണെന്ന് രോഹിത് കപൂർ പറഞ്ഞു. മക്കിൻസിയിൽ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവവും അദ്ദേഹം പങ്കുവച്ചു. കഴിവുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരുമായ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതാണ് തന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

നല്ല സൗഹൃദവലയം വേണമെന്ന മാതാപിതാക്കളുടെ ഉപദേശം അവഗണിക്കരുതെന്നും അദ്ദേഹം യുവാക്കളോട് പറഞ്ഞു. സ്വന്തം മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പം സമയം ചെലവഴിക്കണം. അവരുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ലെങ്കിലും ഇത്തരം ആളുകളുടെ കൂട്ടായ്മ വ്യക്തിഗത വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഇഒ ആകുന്നതല്ല ലക്ഷ്യം, അടുത്ത ചുവടുവെപ്പിൽ ശ്രദ്ധിക്കുക

കരിയർ സംബന്ധിച്ച് ദീർഘകാല പദ്ധതികൾ ഇപ്പോൾതന്നെ തയ്യാറാക്കേണ്ടതില്ലെന്നാണ് രോഹിത് കപൂറിന്റെ അഭിപ്രായം. കൊൽക്കത്തയിൽ വളർന്ന കാലത്ത് തനിക്ക് വലിയ കരിയർ സ്വപ്നങ്ങളോ സിഇഒ ആകണമെന്ന ലക്ഷ്യമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജോലി നേടുക, സ്വന്തം ആവശ്യങ്ങൾക്കുള്ള പണം സമ്പാദിക്കുക, ജീവിതം ആസ്വദിക്കുക എന്നിവയായിരുന്നു അന്നത്തെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സിഇഒ ആകുന്നത് എങ്ങനെയെന്ന് ആലോചിക്കുന്നതിനുപകരം അടുത്ത മാസം അല്ലെങ്കിൽ അടുത്ത വർഷം എന്ത് ചെയ്യണമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവാക്കളോട് അദ്ദേഹം നിർദേശിച്ചത്. ഇന്നത്തെ കരിയർ വളർച്ച ഒരു ഗോവണി കയറുന്നതുപോലെയല്ലെന്നും മറിച്ച് വിവിധ ദിശകളിലേക്ക് നീങ്ങാവുന്ന കളിസ്ഥലം പോലെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ചിലപ്പോൾ മുന്നേറാൻ വശങ്ങളിലേക്ക് മാറുകയോ താൽക്കാലികമായി പിന്നോട്ടുപോകുകയോ വേണ്ടിവന്നേക്കാം. ഇത്തരം അനുഭവങ്ങളും വളർച്ചയുടെ ഭാഗമാണ്.

പരാജയങ്ങളിൽ നിന്ന് തിരിച്ചുവരുന്നവരെ നിയമനസമയത്ത് താൻ പ്രത്യേകം പരിഗണിക്കാറുണ്ടെന്നും രോഹിത് കപൂർ പറഞ്ഞു. വിജയിച്ചശേഷം വീഴുകയും പിന്നീട് ശക്തമായി തിരിച്ചുവരികയും ചെയ്യുന്നവർ കൂടുതൽ പ്രതിരോധശേഷിയും ആത്മവിശ്വാസവും ഉള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

എഐ സ്വന്തം ഭാഷ വികസിപ്പിക്കുന്നു; ജെഫ്രി ഹിന്റണിന്റെ മുന്നറിയിപ്പ്
എഐ വന്നതോടെ കോഡിങ്ങിലെ രസം നഷ്‍ടപ്പെടുന്നു; വെല്ലുവിളികളില്ലാത്ത ജോലി മടുപ്പിക്കുന്നുവെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ