
ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സാപ്പ്. അവതരണത്തിന് മുന്നോടിയായി, ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഈ വർഷം അവസാനം ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതോടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കാൻ സാധിക്കും.
യൂസർനെയിം റിസർവേഷൻ സൗകര്യം ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഫീച്ചർ ലഭ്യമാകുന്ന അക്കൗണ്ടുകൾക്ക് വാട്‍സാപ്പിൽ തന്നെ ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും. ഇതിലൂടെ പൊതുവായ പേരുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്ക് ഇഷ്‍ടപ്പെട്ട യൂസർനെയിം മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പോലെ എല്ലാവർക്കും കാണാവുന്ന തിരിച്ചറിയൽ സംവിധാനമല്ല വാട്‍സാപ്പിലെ യൂസർനെയിമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പേരുകൾ തന്നെ ഉപയോഗിക്കണമെന്ന നിർബന്ധമില്ല. ആവശ്യാനുസരണം യൂസർനെയിം പിന്നീട് മാറ്റാനും കഴിയും. കൂടാതെ, പൊതുവായ യൂസർനെയിം ഡയറക്ടറിയോ നിർദേശങ്ങളോ ഉണ്ടാകില്ല. അതിനാൽ ഒരാളെ ആദ്യമായി ബന്ധപ്പെടാൻ ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതായി വരും.
അടുത്തിടെ പരിചയപ്പെട്ട ആളുകളുമായി സംസാരിക്കുമ്പോഴോ വിവിധ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും പങ്കെടുക്കുമ്പോഴോ സ്വന്തം ഫോൺ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. വ്യക്തിഗത സ്വകാര്യത സംരക്ഷിക്കാനാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. ഇതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിം കീ എന്ന ഫീച്ചറും അവതരിപ്പിക്കും. യൂസർനെയിം ഉപയോഗിച്ച് ആദ്യമായി ബന്ധപ്പെടുന്ന വ്യക്തിക്ക് ഈ കീ ആവശ്യമായിരിക്കും. ഉപയോക്താക്കൾക്ക് ഈ കീ പിന്നീട് എപ്പോൾ വേണമെങ്കിലും മാറ്റാനോ പുതുക്കാനോ കഴിയും.
നിലവിൽ ലോകമെമ്പാടുമായി മൂന്ന് ബില്യണിലധികം ആളുകൾ വാട്‍സാപ്പ് ഉപയോഗിക്കുന്നതിനാൽ ഒരേ യൂസർനെയിം ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് മുൻകൂട്ടി റിസർവേഷൻ ആരംഭിച്ചതെന്ന് കമ്പനി അറിയിച്ചു. ഇഷ്‍ടപ്പെട്ട പേര് ലഭ്യമല്ലെങ്കിൽ അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്താൻ സഹായിക്കുന്ന യൂസർനെയിം ജനറേറ്റർസംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്രിയേറ്റർമാർക്കും ചെറുകിട സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ഉപയോഗിക്കുന്ന അതേ യൂസർനെയിം സ്വന്തമാക്കി എല്ലാ മെറ്റ പ്ലാറ്റ്ഫോമുകളിലും ഏകീകൃത തിരിച്ചറിയൽ നിലനിർത്താനും സാധിക്കും.
ഫീച്ചർ ലഭ്യമായ ഉപയോക്താക്കൾ വാട്‍സാപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സെറ്റിംഗ്‍സ് > അക്കൌണ്ട് > യൂസർനെയിം എന്ന ക്രമത്തിൽ പ്രവേശിച്ച് ഇഷ്‍ടമുള്ള യൂസർനെയിം റിസർവ് ചെയ്യാം. വരും മാസങ്ങളിൽ ഘട്ടംഘട്ടമായാണ് ഈ സംവിധാനം കൂടുതൽ രാജ്യങ്ങളിലേക്കും ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുക.