ഇന്ത്യക്കാരുടെ വിപിഎന്‍ ഉപയോഗം 400 ശതമാനം കൂടി; കാരണം പോണ്‍ നിരോധനം.!

By Web TeamFirst Published Dec 3, 2019, 8:30 PM IST
Highlights

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ വിപിഎന്‍ ഉപയോഗത്തിലുണ്ടായ വലിയ കുതിച്ചുചാട്ടം പോണ്‍ നിരോധനവുമായി ബന്ധപ്പെട്ടതാണ് എന്ന് ക്വാര്‍ട്സ്.കോം വിലയിരുത്തുന്നത്. 

ദില്ലി: വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) ഉപയോഗം ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 400 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2018 മുതലുള്ള പന്ത്രണ്ട് മാസത്തെ കണക്കാണ് ലണ്ടന്‍ ആസ്ഥാനമാക്കിയ ഏജന്‍സി ടോപ്പ്10വിപിഎന്‍ പുറത്തുവിടുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഈ കണക്കെടുപ്പ് നടത്തിയത്. 

ഒരു വ്യക്തിയുടെ ഐഡന്‍റിറ്റിയും, ലോക്കേഷനും മറച്ച് വച്ച് തീര്‍ത്തും എന്‍ക്രിപ്റ്റായി വിലക്കുകള്‍ മറികടന്ന് സെര്‍വറില്‍ എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനമാണ് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) എന്ന് പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാറും മറ്റും ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മറികടക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നു. 

എന്നാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ വിപിഎന്‍ ഉപയോഗത്തിലുണ്ടായ വലിയ കുതിച്ചുചാട്ടം പോണ്‍ നിരോധനവുമായി ബന്ധപ്പെട്ടതാണ് എന്ന് ക്വാര്‍ട്സ്.കോം വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് 827 പോണ്‍ സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചത്.  ആദ്യഘട്ടത്തില്‍ മിറര്‍ യുആര്‍എല്ലുകളും മറ്റും ഇറക്കി പോണ്‍ കമ്പനികള്‍ ഇതിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ കടുത്ത നടപടികള്‍ തുടരുകയായിരുന്നു. ടെലികോം കമ്പനികള്‍ തന്നെ മിറര്‍ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടു.

2018 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ തന്നെ ഇന്ത്യയിലെ വിപിഎന്‍ ഉപയോഗം 66 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. വിപിഎന്‍ സംബന്ധിച്ച ഗൂഗിള്‍ തിരച്ചിലുകള്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം കുത്തനെ ഉയര്‍ന്നുവെന്നാണ് ഗൂഗിള്‍ ട്രെന്‍റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മെയ് മാസത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍  Indian elections എന്ന സെര്‍ച്ച് വാക്കിനെക്കാള്‍ വിപിഎന്‍ എന്ന വാക്ക് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തേടിയെന്നാണ് ക്വാര്‍ട്സിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

പ്രധാനമായും ഇന്ത്യക്കാര്‍ സൗജന്യ വിപിഎന്‍ സേവനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സൗജന്യ വിപിഎന്നുകള്‍ കരുതുംപോലെ സൗജന്യമല്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഈ വിപിഎന്‍ സേവനം നല്‍കുന്നവര്‍ അത് ഉപയോഗിക്കുന്നവരുടെ ഡാറ്റ ശേഖരിച്ച് അത് വില്‍ക്കുന്നതിലൂടെയാണ് തങ്ങളുടെ ലാഭം കണ്ടെത്തുന്നത്. ടര്‍ബോ വിപിഎന്‍ ആണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത വിപിഎന്‍ സര്‍വീസ് 10.8 ദശലക്ഷമാണ് ഇതിന്‍റെ ഡൗണ്‍ലോഡുകളുടെ എണ്ണം. എക്സ്പ്രസ് വിപിഎന്‍ പോലുള്ള പെയ്ഡ് സേവനങ്ങളും ഉപയോഗിക്കുന്നവര്‍ ഏറെയാണ്.

എന്നാല്‍  പോണ്‍ നിരോധനത്തോടെ എല്ലാ പോണ്‍കാഴ്ചക്കാരും വിപിഎന്‍ ആരാധകര്‍ ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി മാസത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പോണ്‍ കാഴ്ചക്കാര്‍ നിരന്തരം സന്ദര്‍ശിച്ചിരുന്ന നിരോധിത സൈറ്റുകളില്‍ നിന്നും നിരോധിക്കപ്പെടാത്ത സൈറ്റുകളിലേക്ക് നീങ്ങിയെന്നാണ് പറയുന്നത്.
 

click me!