Latest Videos

രാജ്യത്ത് 71 ലക്ഷം വാട്സ്ആപ് അക്കൗണ്ടുകള്‍ റദ്ദാക്കി; നടപടി പുതിയ ഐടി നിയമപ്രകാരം

By Web TeamFirst Published Jan 2, 2024, 1:38 PM IST
Highlights

വിവിധ തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ അക്കൗണ്ടുകളാണ് വാട്സ്ആപ് റദ്ദാക്കുന്നത്. 

ന്യൂഡല്‍ഹി: ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്ആപിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ ആകെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

വാട്സ്ആപിന്റെ പ്രതിമാസ കണക്കുകളിലാണ് വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകള്‍ സംബന്ധിച്ച  വിശദീകരണമുള്ളത്. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, ആരില്‍ നിന്നും പരാതികളൊന്നും ലഭിക്കാതെ തന്നെ 19,54,000 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കമ്പനി പറയുന്നു. നവംബറില്‍ ഉപഭോക്താക്കളില്‍ നിന്ന് 8,841 പരാതികളാണ് ലഭിച്ചത്. ഇവയില്‍ നടപടികള്‍ സ്വീകരിച്ചതാവട്ടെ എട്ട് അക്കൗണ്ടുകളുടെ കാര്യത്തിലും. അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് പുറമെ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതും ഈ നടപടികളില്‍ ഉള്‍പ്പെടും. ഒക്ടോബറില്‍ 71 ലക്ഷം അക്കൗണ്ടുകളും സെപ്റ്റംബറില്‍ 75 ലക്ഷം അക്കൗണ്ടുകളും വാട്‍സ്ആപ് നീക്കം ചെയ്തിരുന്നു. ഓഗസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളുടെ എണ്ണമാവട്ടെ 74 ലക്ഷമാണ്.

തങ്ങളുടെ സേവന ചടങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്ന് കമ്പനി തങ്ങളുടെ വെബ്‍സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. ഉപയോക്താക്കളെ ശല്യം ചെയ്യുന്ന തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, തട്ടിപ്പുകള്‍ നടത്തുക, വാട്സ്ആപ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെയാണ് വിലക്ക് ക്ഷണിച്ചുവരുത്തുന്നതെന്ന് കമ്പനി വിശദീകരിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!