Latest Videos

'വമ്പന്‍ പണി'യുമായി ജിയോയും എയര്‍ടെല്ലും; 'അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല'

By Web TeamFirst Published Jan 15, 2024, 3:10 AM IST
Highlights

അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും ഓഫറുകളും നല്‍കുന്നതില്‍ ജിയോയും എയര്‍ടെല്ലും തമ്മില്‍ മത്സരമാണ്. എന്നാൽ ഞെട്ടിപ്പിക്കുന്ന 'തീരുമാനങ്ങളാണ്' പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കി തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. സെപ്റ്റംബറോടെ ജിയോയും എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്കുകള്‍ 20 ശതമാനത്തോളം വര്‍ധിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മറ്റ് രണ്ട് ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എലും ഇതുവരെ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

അതിനിടയ്ക്ക് പ്രീ-കൊമേര്‍ഷ്യല്‍ റെഡ്യൂസ്ഡ് കാപബിലിറ്റി സോഫ്‌റ്റ്വെയറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ എയര്‍ടെല്‍ പങ്കുവെച്ചിട്ടുണ്ട്. എറിക്സണുമായി സഹകരിച്ച് എയര്‍ടെല്ലിന്റെ 5ജി നെറ്റ് വര്‍ക്കില്‍ എറിക്സണിന്റെ പ്രീ-കൊമേര്‍ഷ്യല്‍ റെഡ്യൂസ്ഡ് കാപബിലിറ്റി (റെഡ്കാപ്പ്) സോഫ്റ്റ് വെയര്‍ വിജയകരമായി പരീക്ഷിച്ച വിവരമാണ് പങ്കുവെച്ചിരിക്കുന്നത്. ചിപ്പ് നിര്‍മാതാവായ ക്വാല്‍കോമിന്റെ സപ്പോര്‍ട്ടോടെയാണ് ഈ പരീക്ഷണം. 5ജിയുടെ പുതിയ  ഉപയോഗ സാധ്യതകള്‍ സൃഷ്ടിക്കാനാവുന്ന റേഡിയോ ആക്സസ് നെറ്റ് വര്‍ക്ക്സോഫ്റ്റ് വെയറിനെയാണ് എറിക്സണ്‍ റെഡ്കാപ്പ് എന്ന് വിളിക്കുന്നത്. സ്മാര്‍ട് വാച്ചുകള്‍, മറ്റ് വെയറബിള്‍ ഉപകരണങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സെന്‍സറുകള്‍, എആര്‍ വിആര്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ 5ജി എത്തിക്കാന്‍ ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കഴിയുമെന്നതാണ് പ്രത്യേകത.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം 
 

click me!