ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് അനുമതി തേടി വന്‍ സ്വകാര്യ നിക്ഷേപങ്ങള്‍; കളി മാറുന്നു.!

By Web TeamFirst Published Dec 23, 2020, 7:54 PM IST
Highlights

ജെഫ് ബിസോസിന്‍റെ ആമസോണ്‍ വെബ് സര്‍വീസ്, ഭരതി ഗ്രൂപ്പ്, ബ്രിട്ടീഷ് കമ്പനി വണ്‍ വെബ് എന്നിവര്‍ എല്ലാം ഈ രംഗത്തേക്ക് ഇറങ്ങാന്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ദില്ലി: ബഹിരാകാശ രംഗത്ത് സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ അനുമതിക്കായി 22 വന്‍ കിട കമ്പനികള്‍ തങ്ങളുടെ പദ്ധതികളുമായി സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ അപേക്ഷകള്‍ ബഹിരാകാശ രംഗത്തെ നിക്ഷേപങ്ങളുടെ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്പേസിന്‍റെ പരിഗണനയിലാണ്.

ജെഫ് ബിസോസിന്‍റെ ആമസോണ്‍ വെബ് സര്‍വീസ്, ഭരതി ഗ്രൂപ്പ്, ബ്രിട്ടീഷ് കമ്പനി വണ്‍ വെബ് എന്നിവര്‍ എല്ലാം ഈ രംഗത്തേക്ക് ഇറങ്ങാന്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍-സ്പേസിന്‍റെ മുന്നിലുള്ള അപേക്ഷകള്‍ പ്രകാരം വിവിധ കമ്പനികള്‍ എര്‍ത്ത് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും, വിക്ഷേപണ ഇടങ്ങള്‍ സ്ഥാപിക്കാനും എല്ലാം അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബഹിരാകാശ വകുപ്പ് സെക്രട്ടറി കെ ശിവന്‍ പറയുന്നത് പ്രകാരം, വിവിധ ഇന്ത്യന്‍ കമ്പനികളും അപേക്ഷകളുമായി എത്തിയിട്ടുണ്ട്. ഇതില്‍ എല്‍ ആന്‍റ് ടി, ഭാരതി ഗ്രൂപ്പ് പോലുള്ള വലിയ കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളും വരെ ഉള്‍പ്പെടുന്നുണ്ട്. വിശദമായ പരിശോധനയാണ് ഇതില്‍ നടക്കുന്നത്. ആമസോണ്‍ പോലുള്ള ആഗോള കമ്പനികളുടെ താല്‍പ്പര്യം ഇന്ത്യയെ ഒരു ആഗോള ബഹിരാകാശ ഹബ്ബാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ ആശയത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതാണ്.

ഇന്ത്യയില്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യ നിക്ഷേപം എന്ന നയം എടുത്തതിന് പിന്നാലെ ആമസോണ്‍ വെബ് സര്‍വീസ് തങ്ങളുടെ എയറോസ്പേസ് സാറ്റലൈറ്റ് സൊല്യൂഷന്‍സ് എന്ന ഘടകം പ്രഖ്യാപിച്ചിരുന്നു. സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനും അനുബന്ധ സേവനങ്ങളുമാണ് വണ്‍ വെബ് ഇന്ത്യയില്‍ നിര്‍ദേശിക്കുന്ന പദ്ധതി. യുഎഇയിലെ ആര്‍ക്കെറോള്‍ ഗ്രൂപ്പുംചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് അനുമതി തേടുന്നുണ്ട്.  

click me!