ടെസ്ല ആപ്പിളിന് വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇലോണ്‍ മസ്ക്; പക്ഷെ സംഭവിച്ചത്

By Web TeamFirst Published Dec 23, 2020, 5:02 PM IST
Highlights

മോഡൽ 3 കാറുകൾ സമയത്തിന് പുറത്തിറക്കുന്നതില്‍ പ്രതിസന്ധിയിലായ ദിവസങ്ങളിൽ, ടെസ്‌ലയെ ആപ്പിളിന് വിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മസ്ക് ആപ്പിള്‍ മേധാവി ടിം കുക്കിനെ സമീപിച്ചു. 

സന്‍ഫ്രാന്‍സിസ്കോ: പ്രതിസന്ധി ഘട്ടത്തില്‍ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല ആപ്പിളിന് വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തി ടെസ്ല മേധാവി ഇലോണ്‍ മസ്ക്. ആപ്പിള്‍ 2024ഓടെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്ത് ഇറങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരണം നടത്തുകയായിരുന്നു ടെസ്ല മേധാവി. 

മോഡൽ 3 കാറുകൾ സമയത്തിന് പുറത്തിറക്കുന്നതില്‍ പ്രതിസന്ധിയിലായ ദിവസങ്ങളിൽ, ടെസ്‌ലയെ ആപ്പിളിന് വിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മസ്ക് ആപ്പിള്‍ മേധാവി ടിം കുക്കിനെ സമീപിച്ചു. എന്നാൽ ചർച്ചയ്ക്ക് വരാൻ കുക്ക് വിസമ്മതിക്കുകയായിരുന്നു എന്നും മസ്ക് പറഞ്ഞു. 

മോഡൽ 3 സെഡാന്റെ നിർമാണത്തിൽ ടെസ്‌ല ഏറെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. നെവാഡയിലെ ബാറ്ററി ഫാക്ടറിയിലെ പ്രശ്നങ്ങൾ കാരണം കമ്പനി ‘പ്രൊഡക്ഷൻ ഹെൽ’ ആണെന്ന് മസ്ക് നിക്ഷേപകരെ അറിയിച്ചിരുന്നു. എന്നാലും, ടെസ്‌ല മുന്നോട്ട് പോയി. ഇപ്പോൾ ലാഭത്തിലുമായി.

അതേ സമയം ആപ്പിളിന്‍റെ പുതിയ കാര്‍ പദ്ധതിയിലും മസ്ക് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ തങ്ങളുടെ കാറുകളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ചില ഫീച്ചറുകൾ ടെസ്‌ല കാറുകളിലുണ്ടെന്നും മസ്‌ക് പറഞ്ഞു. ആപ്പിൾ കാറുകളുടെ ഹൈലൈറ്റ് ആണെന്ന് തോന്നിപ്പിക്കുന്ന മോണോസെൽ ബാറ്ററിയെയും മറ്റും ടെസ്ലയുടെ സമാനമെന്ന് മസ്ക് ട്വീറ്റില്‍ പറഞ്ഞു.

എന്നാല്‍ ടെസ്ല ആപ്പിളിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന മസ്കിന്‍റെ അഭിപ്രായത്തില്‍  പ്രതികരിക്കാൻ ആപ്പിൾ വിസമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ തങ്ങളുടെ കാര്‍ നിര്‍മ്മാണ പദ്ധതി പ്രൊജക്ട് ടൈറ്റന്‍ വീണ്ടും ആരംഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. ചിലവുകുറഞ്ഞ സെല്‍ഫ് ഡ്രൈവ് കാറുകള്‍ ആപ്പിള്‍ 2024 ഓടെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

click me!