സര്‍ഫ് എക്സലിനോടുള്ള ദേഷ്യം തീര്‍ത്തത് മൈക്രോ സോഫ്റ്റ് എക്സലിനോട്

By Web TeamFirst Published Mar 12, 2019, 2:57 PM IST
Highlights

അതേ സമയം വര്‍ഗ്ഗീയ വാദികളുടെ ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്ക് ശേഷം സര്‍ഫ് എക്സലിന് സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. 

ദില്ലി: പരസ്യത്തിന്‍റെ പേരില്‍ സര്‍ഫ് എക്സല്‍ അലക്കുപൊടിക്കെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റിന്‍റെ എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സലിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പിന് കീഴില്‍ നടത്തുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി  ചിലര്‍ വൺ സ്റ്റാര്‍ നല്‍കിയാണ്  എക്സല്‍ ആപ്പിനോട് പകരം വീട്ടിയത്. ഇത് ഒരു സ്പൂഫ് ക്യാംപെയിന്‍ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

അതേ സമയം വര്‍ഗ്ഗീയ വാദികളുടെ ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്ക് ശേഷം സര്‍ഫ് എക്സലിന് സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും മില്യണ്‍ കണക്കിന് പിന്തുണയുമായാണ് ഡിറ്റര്‍ജന്റ് കമ്പനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പരസ്യം വലിയ വിവാദമാകുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിന് 829000 പേരാണ് ലൈക്കടിച്ചിരുന്നതെങ്കില്‍ വിവാദത്തിന് ശേഷം ഒന്നര മില്യണ്‍ ലൈക്കുകളാണ് സര്‍ഫിന്‍റെ പേജിന് ലഭിച്ചിരിക്കുന്നത്. 

കുറച്ച് ദിവസം മുന്‍പാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയ വാദികളുടെ ആക്രമണം തുടങ്ങിയത്. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍കിടയിലേക്ക് പെണ്‍കുട്ടി സെെക്കിളില്‍ എത്തുന്നതാണ് പരസ്യത്തില്‍ ആദ്യം കാണിക്കുന്നത്.

തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കെെയിലെ എല്ലാ ചായവും തീരുമ്പോഴാണ് കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുക്കയും സെെക്കിളില്‍ പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നത്. 

പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും നടക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പുതിയ പരസ്യത്തിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എന്നുന്നുണ്ട്. കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. 
 

click me!