മലയിടുക്കില്‍ നിന്നും വീണ മനുഷ്യന്‍റെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്

By Web TeamFirst Published Oct 23, 2019, 11:40 AM IST
Highlights

മലയിടുക്കില്‍ നിന്നും നദിയിലേക്കാണ് ഇയാള്‍ പതിച്ചത്. നദിയില്‍ അല്‍പ്പം ഒഴുകി ഒരു പാറയില്‍ ഇയാള്‍ക്ക് അള്ളിപ്പിടിക്കാന്‍ പറ്റി. എന്നാല്‍ യുവാവിന്‍റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു.

ഹാര്‍ട്ട്ഷ്രോണ്‍: മലയിടുക്കില്‍ നിന്നും വീണ മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി ആപ്പിള്‍ വാച്ച്. ജെയിംസ് പ്രുഡ്സ്യാനോ എന്ന 28 വയസുകാരനായ യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് വീഴ്ചയില്‍ രക്ഷയായത്. ഹാര്‍ട്ട്ഷ്രോണിലെ വുഡ് പാര്‍ക്കില്‍ തന്‍റെ  ട്രക്കിംഗിന് പോയതായിരുന്നു ഇയാള്‍. അവിടെ വച്ചാണ് വീഴ്ച സംഭവിച്ചത്. 

മലയിടുക്കില്‍ നിന്നും നദിയിലേക്കാണ് ഇയാള്‍ പതിച്ചത്. നദിയില്‍ അല്‍പ്പം ഒഴുകി ഒരു പാറയില്‍ ഇയാള്‍ക്ക് അള്ളിപ്പിടിക്കാന്‍ പറ്റി. എന്നാല്‍ യുവാവിന്‍റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു. അതേ സമയം കൈയ്യില്‍ കെട്ടി ആപ്പിള്‍ വാച്ച് അതിന്‍റെ 'ഫാള്‍ ഡിറ്റക്ഷന്‍' ഫീച്ചര്‍ ഉപയോഗിച്ച് വീഴ്ച മനസിലാക്കി എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു.

നദിയിലെ പാറയ്ക്കിടയില്‍ കടുത്ത വേദനയില്‍ നിന്ന ഞാന്‍ മരണം മുന്നില്‍കണ്ടു എന്നതാണ് സത്യം. മനസുകൊണ്ട് എല്ലാവരോടും യാത്രമൊഴി പറയുകയായിരുന്നു ഞാന്‍ - ജെയിംസ്  ന്യൂസ് 12 ചാനലിനോട് പറഞ്ഞു. വീണപ്പോള്‍ തന്നെ ജെയിംസിന്‍റെ അമ്മയ്ക്ക് വാച്ചില്‍ നിന്നും എസ്ഒഎസ് സന്ദേശം പോയി. ഇതിനൊപ്പം തന്നെ 911 ലേക്ക് കോളും പോയി.

കോള്‍ ട്രൈസ് ചെയ്ത് ബോട്ടുവഴി സ്ഥലത്ത് എത്തിയ പൊലീസ് ജെയിംസിനെ രക്ഷിച്ചു. ഇയാളെ പിന്നീട് ജേര്‍സി ഷോര്‍ മെഡിക്കല്‍ സെന്‍ററില്‍ വിദഗ്ധ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. ഇപ്പോള്‍ ജെയിംസിന്‍റെ ആരോഗ്യം തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.

എന്താണ്  'ഫാള്‍ ഡിറ്റക്ഷന്‍' 

നിങ്ങള്‍ ഒന്ന് വീണാല്‍ പോലും വാച്ച് സഹായത്തിനെത്തും. ഇതിനായി ഒരു ഫാള്‍ ഡിറ്റക്ഷന്‍ സംവിധാനം വാച്ചിലുണ്ട്. വീഴുമ്പോഴുള്ള കൈകളുടെ ചലനം തിരിച്ചറിയുകയും അക്കാര്യം നിങ്ങള്‍ തീരുമാനിക്കുന്ന എമര്‍ജന്‍സി നമ്പറിലേക്ക് അറിയിക്കുകയും ചെയ്യുന്നു. അനാവശ്യമെന്ന് തോന്നാമെങ്കിലും ഗുണപ്രദമായൊരു ഫീച്ചറാണിത്.

click me!