സോഷ്യല്‍ മീഡിയ നിയന്ത്രണം: മൂന്ന് മാസത്തിനുള്ളില്‍ കര്‍ശന നിയമം വരുന്നു

By Web TeamFirst Published Oct 22, 2019, 10:35 AM IST
Highlights

സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. 

ദില്ലി: ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇൻഫർമേഷൻ ടെക്‌നോളജി ഇന്റർമീഡിയറീസ് മാർഗനിർദ്ദേശ (ഭേദഗതി) ചട്ടങ്ങൾ 2018 ൽ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവൻ കരടും 2018 ഡിസംബർ 24 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണങ്ങളും, കുറ്റകൃത്യങ്ങളും തടയണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രത്തോട് നടപടികള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍മീഡിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ടെക്നോളജി ഞങ്ങൾക്കില്ലെന്ന് പറഞ്ഞു കയ്യൊഴിയാൻ സാധിക്കില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്, എങ്കിൽ അത് തടയുന്നതിനും കൃത്യമായ ടെക്നോളജി സംവിധാനങ്ങൾ ഉണ്ടാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

click me!