Cryptocurrency : ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിരോധനമോ?; പ്രചരിക്കുന്നതിലെ സത്യം ഇതാണ്.!

By Web TeamFirst Published Nov 24, 2021, 4:32 PM IST
Highlights

ഇന്ത്യയിൽ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കുന്ന ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതാണ് വ്യാപകമായ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. 

ദില്ലി: ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച സുപ്രധാനമായ ഒരു ബില്ല് (Cryptocurrency Bill 2021) വരുന്ന ശൈത്യകാല സമ്മേളന കാലത്ത് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും എന്ന വാര്‍ത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ക്രിപ്റ്റോ കറന്‍സി ( Cryptocurrency) നിരോധിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്നലെ പുറത്തുവന്ന വാര്‍ത്തയില്‍ ബ്ലോക്ക്‌ചെയിൻ (BlockChain) സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനായി ചില ഇളവുകളോടെ, ഇന്ത്യയിൽ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കുന്ന ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതാണ് വ്യാപകമായ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. 

ഇതിന്‍റെ ഫലമായി പലരും കയ്യിലുള്ള ക്രിപ്റ്റോ കറന്‍സി വില്‍ക്കാന്‍ ശ്രമിച്ചതോടെ വലിയ തോതില്‍ ക്രിപ്റ്റോ കറന്‍സി വിലയും ഇടിഞ്ഞു. നവംബർ 24 ന് രാവിലെ 8 മണിക്ക് കോയിൻമാർക്കറ്റ്ക്യാപ് നൽകിയ വിവരങ്ങൾ പ്രകാരം, ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വിപണി മൂലധനം 0.58 ശതമാനം ഇടിഞ്ഞ് 56,607.05 ഡോളറിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമേ മറ്റു കറന്‍സികളായ കാർഡാനോ, സോളാന, എക്സ്ആർപി എന്നിവയും കഴിഞ്ഞ 24 മണിക്കൂറിൽ ഇടിവ് രേഖപ്പെടുത്തി. സോളാന 2.18 ശതമാനം ഇടിവോടെ 215.86 ഡോളറും കാർഡാനോ 6.64 ശതമാനം ഇടിവോടെ 1.68 ഡോളറും എക്സ്ആർപി 1.40 ശതമാനം ഇടിവോടെ 1.04 ഡോളറും മൂല്യത്തിലായിരുന്നു.

എന്താണ് പ്രൈവറ്റ് ക്രിപ്റ്റോ കറന്‍സി

എന്നാല്‍ അനോണിമസായി വിനിമയം നടത്തുന്ന ക്രിപ്റ്റോ കറന്‍സികളാണ് നിരോധിക്കുക എന്നാണ് പിന്നീട് ഇതില്‍ വന്ന വിശദീകരണം. കേന്ദ്ര സർക്കാര്‍ സമ്പൂർണ്ണ നിരോധനം (ban) ക്രിപ്റ്റോ കറന്‍സികളില്‍ ഏര്‍പ്പെടുത്തില്ലെന്നാണ് പുറത്തുവന്ന വിശദീകരണം. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. 

എല്ലാ ക്രിപ്റ്റോ കറന്‍സികളും ബ്ലോക് ചെയിന്‍ ടെക്നോളജി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഒരു പരിധിവരെ അജ്ഞാതാവസ്ഥ അത് നിലനിര്‍ത്തുന്നു. എന്നാല്‍ പൂര്‍ണ്ണമായും അല്ല താനും. അക്കൗണ്ടുമായി ബന്ധിപ്പിച്ച വിലസം വഴി ചിലപ്പോള്‍ ഇടപാടിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഒരു ബ്ലോക് ചെയിനില്‍ കയറാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക് ഒരു ഇടപാടിന്റെ വിവരങ്ങള്‍ ഒരു പരിധിവരെ കണ്ടെത്താന്‍ സാധിക്കും. അതായത് പബ്ലിക്ക് കോയിനുകളിലെ ഇടപാടുകള്‍ പരസ്യമാണ്. എന്നാല്‍ പ്രൈവസി കോയിനുകള്‍ എല്ലാതരത്തിലും അജ്ഞാതാവസ്ഥ ഇടപാടുകള്‍ സ്വീകരിക്കുന്നു. അതായത് പ്രൈവസി കോയിന്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും അജ്ഞാതമാണ്. എന്നാല്‍ പബ്ലിക്ക് കോയിനുകളില്‍ ഇടപാട് ലെഡ്ജര്‍ പരസ്യമാണെങ്കിലും ഇടപാട് വിവരങ്ങള്‍ യൂസറുടെ സ്വകാര്യതയ്ക്ക് വേണ്ടി മറയ്ക്കുന്നു.

ബിറ്റ് കോയിന്‍, ലൈറ്റ് കോയിന്‍, എത്തിറീയം തുടങ്ങിയവ പബ്ലിക്ക് കോയിന് ഉദാഹരണമാണ്. അതായത് ഈ കോയിനുകള്‍ ഉപയോഗിക്കുന്നവര്‍ വരാന്‍ പോകുന്ന നിയമത്തില്‍ അധികം ഭയക്കേണ്ടതില്ലെന്ന് യാഥാര്‍ത്ഥ്യം. അതേ സമയം മോണേരോ, ഇസെഡ്കാഷ്, ഡാഷ് തുടങ്ങിയ കോയിനുകള്‍ പ്രൈവസി കോയിനുകളാണ് ഇവ കയ്യിലുള്ളവര്‍ പ്രതിസന്ധിയിലായേക്കും. 

ബില്ല് വരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് ശേഷം

പുതിയ ബില്ലില്‍ റിസര്‍വ് ബാങ്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന് പറയുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇതിലൂടെ ബിറ്റ്‌കോയിന്‍ ഇടപാടില്‍ അടക്കം നിക്ഷേപിച്ചിരുന്നവര്‍ക്ക് അംഗീകൃതമായ മാര്‍ഗത്തിലേക്ക് മാറാം. നിക്ഷേപകരുടെ സുരക്ഷയും മാധ്യമങ്ങളിലൂടെ വരുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വലിയ ആശങ്കകളും കണക്കിലെടുത്താണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

പലരുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വിവിധ മന്ത്രാലയങ്ങളുമായും റിസര്‍വ് ബാങ്കുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. എല്ലാ യോഗത്തിലും നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നവംബര്‍ 26ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ക്രിപ്‌റ്റോ ഫിനാന്‍സിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി തീര്‍ത്തും ഇല്ലാതാക്കാന്‍ പറ്റില്ലെന്നും, എന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നു ഈ യോഗം വിലയിരുത്തിയിരുന്നു. 

ക്രിപ്‌റ്റോകറന്‍സി ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയും സെബിയും നിയന്ത്രണമില്ലാതെ ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയില്‍ വളരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം എല്‍സാല്‍വദോര്‍ മാത്രമാണ് ക്രിപ്‌റ്റോ കറന്‍സി നിയമപരമാക്കിയിട്ടുള്ളത്.

click me!