Asianet News MalayalamAsianet News Malayalam

Cryptocurrency: ക്രിപ്റ്റോ സമ്പൂർണ്ണമായി നിരോധിക്കില്ലെന്ന് സൂചന; പുതിയ ബില്ലിൽ നിയന്ത്രണങ്ങൾ മാത്രം

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണബില്ല് അവതരിപ്പിച്ച് സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വൻ ഇടിവാണ്  ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഉണ്ടായത്

Cryptocurrency unlikely to be banned in India restrictions likely
Author
Delhi, First Published Nov 24, 2021, 2:07 PM IST

ദില്ലി: സ്വകാര്യ ക്രിപ്റ്റോകറന്‍സിക്ക് (Crypto Currency) കേന്ദ്ര സർക്കാര്‍ സമ്പൂർണ്ണ നിരോധനം (ban) ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പാര്‍ലമെന്‍റ് സമ്മേളനത്തില്‍  ക്രിപ്റ്റോ നിയന്ത്രണ ബില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തി. 

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണബില്ല് അവതരിപ്പിച്ച് സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വൻ ഇടിവാണ്  ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഉണ്ടായത്. ബിറ്റ്കോയിനും എഥേറിയവും അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ കോയിനുകളുടെയും മൂല്യം ഇടിഞ്ഞു. എന്നാല്‍ നിരോധനമല്ല നിയന്ത്രണമാണ് കേന്ദ്രസർക്കാര്‍ ലക്ഷ്യമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

Read More: ക്രിപ്റ്റോ/ വെർച്വുൽ / ഡിജിറ്റൽ; മാറുന്ന കാലവും മാറുന്ന കറൻസിയും

ക്രിപ്റ്റോ കറന്‍സി വഴിയുള്ള കള്ളപ്പണനിക്ഷേപവും ക്രിപ്റ്റോ ഉപയോഗിച്ച് ഭീകരർക്ക് സാമ്പത്തിക സഹായം നല്‍കുന്നതും തടയുകയാണ് സർക്കാര്‍ ഉദ്ദേശം. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേ‍‍ർന്ന യോഗത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലെ ആശങ്ക രേഖപ്പെടുത്തിയതിനൊപ്പം ക്രിപ്റ്റോ കറന്‍സിയില്‍ പുരോഗമനപരമായ നടപടികള്‍ എടുക്കാൻ തീരുമാനിച്ചിരുന്നു. നിയന്ത്രണം മതിയെന്നും നിരോധനം  ഏര്‍പ്പെടുത്തരുതെന്നുമായിരുന്നു പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിയുടെയും നിലപാട്. 

Read More: Crypto Currency‌ | തള്ളണോ കൊള്ളണോ ? ക്രിപ്റ്റോ കറൻസിയിൽ ഉറച്ച തീരുമാനമെടുക്കാനാവാതെ ലോകരാജ്യങ്ങൾ

അതേസമയം ക്രിപ്റ്റോ കറന്‍സിക്ക് രാജ്യത്ത് അംഗീകാരം നല്‍കുന്നത് സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘതമുണ്ടാക്കുമെന്നാണ് ആർബിഐ നിലപാട്. ആര്‍ബിഐ നിയന്ത്രണത്തിലുള്ള ഒരു  ഡിജിറ്റല്‍ കറൻസി വൈകാതെ പുറത്തിറങ്ങും. ഇതിന്‍റെ ചട്ടക്കൂട് നിർമ്മിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. സമീപകാലത്ത് ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ ക്രിപ്റ്റോ കറന്‍സിയില്‍ 20 ദശലക്ഷം ഇടപാടുകാരും കോടികണക്കിന് രൂപയുടെ നിക്ഷേപവും ഉണ്ടെന്നാണ് വിലയിരുത്തല്‍. ക്രിപ്റ്റോ ഇടപാടുകളില്‍ നിന്ന് ആർബിഐ ബാങ്കുകളെ വിലക്കിയിരുന്നെങ്കിലും  സുപ്രീംകോടതി ഇടപെട്ട് വിലക്ക് നീക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios