ഇനി മുതല്‍ മിസ്റ്റര്‍ ട്വീറ്റ്; ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്

By Web TeamFirst Published Jan 27, 2023, 1:04 PM IST
Highlights

ടെസ്ലയുടെ ഹിയറിംഗിനിടെ നടന്ന ഒരു അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്

സാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ ട്വീറ്റ് എന്നാണ് ഇപ്പോൾ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാൻ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. 

ടെസ്ലയുടെ ഹിയറിംഗിനിടെ നടന്ന ഒരു അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്ലയുടെ നിക്ഷേപകരുടെ പ്രതിനിധിയായ അഭിഭാഷകന്‍ അബദ്ധത്തില്‍ ഇലോണ്‍ മസ്കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. അഭിസംബോധനയോട് സാധാരണ രീതിയില്‍ തന്നെയാണ് മസ്ക് പ്രതികരിച്ചതെങ്കിലും ട്വിറ്ററിലടക്കം മസ്ക് ഈ പേര് ഉപയോഗിക്കുകയായിരുന്നു. ടെസ്ലയിലെ ഓഹരി സംബന്ധമായ കേസുകളില്‍ നിക്ഷേപകരെ പ്രതിനിധീകരിക്കുന്ന നിക്കോളാസ് പോരിട്ടാണ് മസ്കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് വിളിച്ചതെന്നാണ് ഫിനാൻഷ്യൽ ടൈംസിന്റെ സാൻ ഫ്രാൻസിസ്കോ ലേഖകൻ പാട്രിക് മക്ഗീ വിശദമാക്കുന്നത്. 

കമ്പനിയുടെ ഷെയറിന് 420 ഡോളർ എന്നത് സ്വകാര്യമായി എടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് 2018 ൽ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. അന്ന് ടെസ്‌ലയുടെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായാണ് ഒരു കൂട്ടം ഷെയർഹോൾഡർമാർ ആരോപിച്ചത്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, അതിന്റെ നയങ്ങളിലും സ്ഥിരീകരണ പ്രക്രിയയിലും വലിയ മാറ്റമുണ്ടായിരുന്നു. ഇതില്‍ പ്രതികരിച്ച് 2022-ൽ അമേരിക്കൻ റാപ്പർ ഡോജ ക്യാറ്റ് തന്റെ ഡിസ്പ്ലേയുടെ പേര് "ക്രിസ്മസ്" എന്നാക്കി മാറ്റിയിരുന്നു. അത് തിരികെ മാറ്റാൻ സഹായിക്കണമെന്നും അവര്‌ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.

Changed my name to Mr. Tweet, now Twitter won’t let me change it back 🤣

— Mr. Tweet (@elonmusk)

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്കിന്‍റെ തീരുമാനങ്ങളില്‍ ഏറ്റവും വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മാറ്റം പേയ്ഡ് വേരിഫിക്കേഷന്‍ ആയിരുന്നു. ട്വിറ്റർ ഉപയോക്താക്കളിൽ നിന്നും ബ്ലൂ ടിക്കിന് പണം ഈടാക്കാനുള്ള മസ്ക്കിന്‍റെ തീരുമാനം ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരുന്നു. പണം നല്‍കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് ലഭ്യമാക്കുന്നത് ആൾമാറാട്ടത്തിനും തട്ടിപ്പുകള്‍ക്കും ഇടയാക്കുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. 

പൊന്ന് മസ്‍ക്കേ..! ഇതാ യേശു ക്രിസ്തുവിനും 'വേരിഫൈഡ്' ട്വിറ്റര്‍ അക്കൗണ്ട്; തലയില്‍ കൈവച്ച് ഉപയോക്താക്കള്‍

click me!