കൊറോണയെ നേരിടാന്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ഫേസ്ബുക്ക്

By Web TeamFirst Published Mar 18, 2020, 3:47 PM IST
Highlights

മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രത്യേക ആനുകൂല്യം കരാര്‍ ജീവനക്കാര്‍ക്ക് ഇല്ല.  അവര്‍ക്ക് കാലയളവിലെ ശമ്പളം മാത്രം നല്‍കും. 

ന്യൂയോര്‍ക്ക്: കൊവിഡ് കാലത്ത് സ്വന്തം ജീവനക്കാര്‍ക്ക് തുണയുമായി ഫേസ്ബുക്ക്. ലോകത്തുടനീളമുള്ള തങ്ങളുടെ മുഴുവന്‍ സമയ ജീവനക്കാരായ 45,000 പേര്‍ക്ക് ആറു മാസത്തേക്ക് ബോണസ് നല്‍കാനാണ് തീരുമാനം. വീട്ടു ചെലവുകള്‍ക്കും മറ്റുമായി ഇത് കൂടാതെ 1000 ഡോളര്‍ അധികമായും നല്‍കും. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. 

സ്ഥാപനം നല്‍കുന്ന സേവനങ്ങളായ ജിം, പതിവ് ഭക്ഷണം എന്നിവ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ കിട്ടാന്‍ സാഹചര്യമില്ലാത്ത സ്ഥിതിയിലാണ് 1000 ഡോളര്‍ അധികമായി നല്‍കുന്നത്. എല്ലാ ജീവനക്കാർക്കും ആറ് മാസത്തെ കുറഞ്ഞ ബോണസ് ലഭിക്കുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ മെമ്മോയിൽ അറിയിച്ചു. ഫെയ്സ്ബുക് അടുത്തൊന്നും ഇത്തരത്തിലൊരു ബോണസ് നൽകിയിട്ടില്ല. എല്ലാ ജീവനക്കാർക്കും അവരുടെ 16 വർഷത്തെ ചരിത്രത്തിൽ കുറഞ്ഞ ബോണസ് നൽകുന്നത് ആദ്യമാണെന്നും മാധ്യമപ്രവർത്തകൻ അലക്സ് ഹെൽത്ത് ട്വീറ്റ് ചെയ്തു.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രത്യേക ആനുകൂല്യം കരാര്‍ ജീവനക്കാര്‍ക്ക് ഇല്ല.  അവര്‍ക്ക് കാലയളവിലെ ശമ്പളം മാത്രം നല്‍കും. കൊറോണ കാലത്ത് സ്വന്തം ജീവനക്കാര്‍ക്ക് കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങളില്‍ കൂടി ഇടപെടേണ്ടി വരുന്ന സാഹചര്യം കണക്കാക്കിയാണ് ഈ സൗകര്യമെന്ന് സുക്കര്‍ ബെര്‍ഗ് കുറിച്ചു. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഒരാഴ്ചയായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. 

മാര്‍ച്ച് 5 ന് കരാറുകാരനായ ജീവനക്കാരന് കൊറോണ ബാധ കണ്ടെത്തിയതോടെയാണ് സീറ്റില്‍സിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചത്. പിന്നാലെ മറ്റ് ഓഫീസുകളും അടച്ചു. പിന്നീട് കൊറോണ വലിയ രീതിയില്‍ പടരുകയും അനേകം ജീവനുകള്‍ പൊലിയുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം എന്ന നിലയാണ് ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ പറഞ്ഞത്.

ഇതിന് പുറമേ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ഫേസ്ബുക്ക് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് എഫ്ബിയുടെ സിഇഒ ഷെറില്‍ സാന്‍ബെര്‍ഗ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ വിവരം. ഏതു രീതിയിലായിരിക്കും ഈ സഹായമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉടന്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

click me!