ഫേസ്ബുക്ക് വീട്ടിലേക്ക്; ആളെ നേരിട്ട് തിരിച്ചറിയാന്‍.!

By Web TeamFirst Published Apr 8, 2019, 12:36 PM IST
Highlights

ഒരു പോസ്റ്റിന്‍റെ കാര്യത്തിനായി തന്നെ തിരിച്ചറിയാന്‍ ഫേസ്ബുക്ക് പ്രതിനിധി വന്നത് ശരിക്കും തന്നെ ഞെട്ടിച്ചെന്ന് ഇയാള്‍ പറയുന്നു. ഇങ്ങനെയെങ്കില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യതയ്ക്ക് എന്ത് വിലയാണെന്ന് ഇയാള്‍ ചോദിക്കുന്നു. 

ദില്ലി: രാഷ്ട്രീയം ഉള്ളടക്കമുള്ളയാളെ ഫേസ്ബുക്ക് അധികൃതര്‍ വീട്ടിലെത്തി വെരിഫിക്കേഷന്‍ നടത്തിയെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ചൂട് രാജ്യത്തെ വര്‍ദ്ധിക്കുമ്പോഴാണ് ഇതുവരെ കേട്ടിട്ടില്ലാത്ത നടപടികളിലേക്ക് ഫേസ്ബുക്ക് കടന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാഷ്ട്രീയ പോസ്റ്റ് ഇട്ട ഒരു വ്യക്തിയുടെ വീട്ടിലെത്തി ഫേസ്ബുക്ക് പ്രതിനിധി വെരിഫിക്കേഷനായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി പൊലീസുകാര്‍ വന്നതിന് സമാനമായിരുന്നു ഇതെന്നാണ്  ഈ വ്യക്തി പറയുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇയാള്‍ വന്ന ഫേസ്ബുക്ക് പ്രതിനിധി തന്‍റെ ആധാര്‍കാര്‍ഡും, മറ്റ് രേഖകളും ചോദിച്ചുവെന്ന് പറയുന്നു. എന്‍റെ പോസ്റ്റ് ഞാന്‍ തന്നെയാണോ ഇട്ടത് എന്ന് തെളിയിക്കണം എന്നാണ് ഇയാള്‍ പറയുന്നത്.

ഒരു പോസ്റ്റിന്‍റെ കാര്യത്തിനായി തന്നെ തിരിച്ചറിയാന്‍ ഫേസ്ബുക്ക് പ്രതിനിധി വന്നത് ശരിക്കും തന്നെ ഞെട്ടിച്ചെന്ന് ഇയാള്‍ പറയുന്നു. ഇങ്ങനെയെങ്കില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യതയ്ക്ക് എന്ത് വിലയാണെന്ന് ഇയാള്‍ ചോദിക്കുന്നു. 

ഈ വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിന്‍റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ലെന്നാണ് വാര്‍ത്ത് ഏജന്‍സിയായ ഐഎഎന്‍എസ് പറയുന്നത്. അതേ സമയം ഉപയോക്താവിന്‍റെ വാക്കുകള്‍ ശരിയാണെങ്കില്‍  തീര്‍ത്തും നൈതികവിരുദ്ധമായ കാര്യമാണ് ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. അതേ സമയം ഫേസ്ബുക്ക് ഉപയോക്താക്കളെ നേരിട്ട് കണ്ട് തിരിച്ചറിയല്‍ പ്രക്രിയ നടത്താന്‍ ഏജന്‍സിയെ നിയമിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

അതേ സയമം ഇത്തരം തിരിച്ചറിയല്‍ രീതികള്‍ 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന് വിരുദ്ധമാണ് എന്നാണ് ചില നിയമ വിദഗ്ധരുടെ അഭിപ്രായം. ഫേസ്ബുക്കിന് ഇന്ത്യയില്‍ 30 കോടി അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. 

click me!