'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല'; സൂക്ഷിച്ചാല്‍ 'കൊടുംതട്ടിപ്പിന്‍റെ' കെണിയില്‍ വീഴില്ല.!

By Web TeamFirst Published Jun 13, 2021, 9:25 AM IST
Highlights

ഇത്തരം 'ഡ്യൂപ്ലിക്കേറ്റ് അക്കൌണ്ട്' പണം തട്ടിപ്പ് വ്യാപകമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പല  അഭ്യര്‍ത്ഥനകളും ഇംഗ്ലീഷില്‍ അയതിനാല്‍ ഇതിന് പിന്നില്‍ വലിയ മാഫിയ തന്നെ ഉണ്ടായിരിക്കാം എന്നാണ് ഉയരുന്ന സംശയം.

തിരുവനന്തപുരം: മാസങ്ങളായി ഫേസ്ബുക്ക് ഫീഡുകളില്‍ നിരന്തരം ഉയരുന്ന പരാതിയാണ് വ്യാജ അക്കൌണ്ടുകളുടെ വിളയാട്ടം. അടുത്തിടെ ഉണ്ടായ ഒരു അനുഭവം ഇങ്ങനെ, ഒരു മാധ്യമ പ്രവര്‍ത്തകന് അയാളുടെ ഫേസ്ബുക്ക് ചാറ്റില്‍ ഒരു സന്ദേശം വന്നു, 2000 രൂപ അത്യവശ്യമായി നല്‍കാമോ എന്നാണ് അറിയുന്ന ഒരു വ്യക്തിയുടെ പേരില്‍ വന്ന അക്കൌണ്ടില്‍ നിന്നുള്ള സന്ദേശം. അക്കൌണ്ടിലെ പ്രൊഫൈല്‍ ഫോട്ടോപോലും സെയിം ആണ്. പക്ഷെ സന്ദേശം അയച്ച വ്യക്തി മരിച്ചിട്ട് കുറച്ച് മാസങ്ങളായി എന്ന് അറിയുന്നത് കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടു.

ഇത്തരം 'ഡ്യൂപ്ലിക്കേറ്റ് അക്കൌണ്ട്' പണം തട്ടിപ്പ് വ്യാപകമാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പല  അഭ്യര്‍ത്ഥനകളും ഇംഗ്ലീഷില്‍ അയതിനാല്‍ ഇതിന് പിന്നില്‍ വലിയ മാഫിയ തന്നെ ഉണ്ടായിരിക്കാം എന്നാണ് ഉയരുന്ന സംശയം. ഫേസ്ബുക്കില്‍ നിന്ന് ഒരു അക്കൌണ്ടിലെ പ്രൊഫൈല്‍ പിക്ചറും മറ്റും ഉപയോഗിച്ച് മറ്റൊരു അക്കൌണ്ട് സൃഷ്ടിച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. കണ്ടാല്‍ യഥാര്‍ത്ഥ വ്യക്തിയുടെ അക്കൌണ്ട് പോലെ തന്നെ തോന്നും. 

ഇത്തരം അഭ്യര്‍ത്ഥനങ്ങള്‍ വന്നാല്‍ എന്ത് ചെയ്യണം...

1. ഇത്തരം ഒരു സന്ദേശം വന്നാല്‍, ആ അക്കൌണ്ട് വിശദമായി പരിശോധിക്കുക
2. അക്കൌണ്ട് യുആര്‍എല്‍, മുന്‍ പോസ്റ്റുകള്‍, അക്കൌണ്ടിലെ ബയോ വിവരങ്ങള്‍ തുടങ്ങിയവ.
3. ഇത്തരത്തിലെ തട്ടിപ്പ് പ്രൊഫൈലുകള്‍ പലതും അടുത്തകാലത്ത് ഉണ്ടാക്കിയവയാകും.
4. ഫേസ്ബുക്കില്‍ 'ഡ്യൂപ്ലിക്കേറ്റ് അക്കൌണ്ട്' ആണെങ്കില്‍ തീര്‍ച്ചയായും ഒറിജിനല്‍ അക്കൌണ്ട് ഉണ്ടാകും, അത് തിരയുക, അത്തരം ഒരു അക്കൌണ്ട് ലഭിച്ചാല്‍ രണ്ട് അക്കൌണ്ടും താരതമ്യം ചെയ്യുക.
5. ഒരിക്കലും പരിചയമില്ലാത്തവരാണ് സഹായം ചോദിച്ചാല്‍, അക്കൌണ്ടിന്‍റെ വിശ്വസ്തതയില്‍ സംശയമുണ്ടെങ്കില്‍ അത് ഗൌനിക്കാതിരിക്കുക
6. ചിലപ്പോള്‍ തട്ടിപ്പുകാര്‍ അക്കൌണ്ട് ലോക്ക് ചെയ്തായിരിക്കും 'മെസേജ്' അയച്ച് വേട്ടയ്ക്ക് ഇറങ്ങുക.
7. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദൂര ബന്ധമാണെങ്കിലും, നിങ്ങള്‍ക്ക് പരിചയമുള്ള വ്യക്തിയുടെ ഫോണ്‍ നമ്പറോ മറ്റോ സംഘടിപ്പിച്ച് നേരിട്ട് ബന്ധപ്പെട്ട് കാര്യം തിരക്കുക

മുന്നറിയിപ്പുമായി പൊലീസും..

ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രമുഖരായ സിനിമതാരങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരില്‍ ഈ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഐഎഎസ്, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനെതിരെ രംഗത്ത് ഇറങ്ങിയിരുന്നു. ഇടുക്കിയിലെ സബ് കളക്ടറുടെ പേരില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ ഇത്തരം തട്ടിപ്പ് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമേ എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. പണം ചോദിച്ച് എഡിജിപിയുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ സുഹൃത്തിനാണ് 10,000 രൂപ ചോദിച്ച് സന്ദേശമെത്തിയത്. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ അതേ പ്രൊഫൈൽ ചിത്രം ഉൾപ്പെടുത്തിയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരുന്നത്.

ഇത്തരം ഒരു ഘട്ടത്തില്‍ ഇത്തരം തട്ടിപ്പിനെതിരെ കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ഈ തട്ടിപ്പിന് പിന്നിലെ മാഫിയ ബന്ധം കണ്ടെത്താന്‍ സമഗ്രമായ സൈബര്‍ അന്വേഷണം ആവശ്യമാണ് എന്നാണ് ടെക്നോളജി വിദഗ്ധര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ഇത്തരം ശ്രമങ്ങള്‍ നടന്നതെങ്കില്‍ ഇപ്പോള്‍ പ്രദേശികമായി ചിലരും ഈ രീതിയില്‍ പണം തട്ടല്‍ നടത്തുന്നുണ്ടോ എന്നതും സംശയിക്കണം. സാധാരണക്കാരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പിന് ഇറങ്ങുന്ന പുതിയ സംഭവങ്ങള്‍ ഇത്തരം ഒരു സാധ്യതയിലേക്ക് വെളിച്ചം വീശുന്നു. ഗൂഗിള്‍ പേ പൊലുള്ള പണം അയക്കല്‍ എളുപ്പമായ സംവിധാനങ്ങള്‍ വ്യാപകമായതോടെ ഇത്തരക്കാരുടെ കെണിയില്‍ പെട്ടെന്ന് ആളുകള്‍ വീണുപോകാനും സാധ്യതയുണ്ട്. 

click me!