നമ്മുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്നത് അവരുടെ ജോലി; വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

By Web TeamFirst Published Aug 22, 2019, 4:26 PM IST
Highlights

ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി ഉപയോക്താക്കള്‍ ഫ്ലാഗ്/റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ പരിശോധിക്കുക എന്നതാണ് ഇവിടുത്തെ ജീവനക്കാരുടെ ജോലി. അക്രമം, നഗ്നത, വര്‍ഗ്ഗീയത, വിദ്വോഷ പ്രചാരണം ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ ജീവനക്കാര്‍ പരിശോധിക്കുന്നു. 

ഹൈദരാബാദ്: ഫേസ്ബുക്കില്‍ നിങ്ങളിടുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുക അതിനായി വര്‍ഷം  2,50,000 രൂപവരെ ശമ്പളം വാങ്ങുക. ഇങ്ങനെയുമുണ്ട് ഒരു ജോലി. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍പാക്ടിലെ ഏതാണ്ട് 1600 തൊഴിലാളികളുടെ ജോലിയുടെ സ്വഭാവമാണ് പറഞ്ഞത്. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ്‌ ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ജെന്‍പാക്ടിന്‍റെ ഹൈദരാബാദ് യൂണിറ്റ്, ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് പുറമേ, ഇന്ത്യന്‍ ഭാഷകളിലെയും അറബിക്, ചില അഫ്ഗാൻ, ഏഷ്യൻ ഗോത്ര ഭാഷകളിലെയും പോസ്റ്റുകള്‍ അവലോകനം ചെയ്യുന്നുണ്ട്.

ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി ഉപയോക്താക്കള്‍ ഫ്ലാഗ്/റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ പരിശോധിക്കുക എന്നതാണ് ഇവിടുത്തെ ജീവനക്കാരുടെ ജോലി. അക്രമം, നഗ്നത, വര്‍ഗ്ഗീയത, വിദ്വോഷ പ്രചാരണം ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ ജീവനക്കാര്‍ പരിശോധിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകൾ കൈകാര്യം ചെയ്യുമ്പോൾ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 

കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള ഹൈദരാബാദ് ജീവനക്കാരുടെ പരാതി ഫേസ്ബുക്ക് അന്ന് നിരസിച്ചിരുന്നു, ഇന്ത്യൻ വിപണിക്ക് അനുസരിച്ചുള്ള വേതനമാണ് നല്‍കുന്നതെന്നായിരുന്നു കമ്പനിയുടെ വാദം. ഇപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ജീവനക്കാരുടെ വേതനം ഇരട്ടിയിലേറെയായി ഉയര്‍ത്തിയതായി ജെന്‍പാക്ടിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

മിനിമം വേതനം പ്രതിവര്‍ഷം 2.5 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. തൊഴിൽ പരസ്യങ്ങളുടെയും ജീവനക്കാരുടെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിൽ, ചില ഉള്ളടക്ക മോഡറേറ്റർമാരുടെ പ്രാരംഭ ശമ്പളം വെറും ലക്ഷം രൂപയായിരുന്നു. അതേസമയം, ശമ്പള വർദ്ധനവിന്‍റെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഫേസ്ബുക്കും ജെൻപാക്റ്റും വിസമ്മതിച്ചു. 

മെയ് മാസത്തിൽ ഫേസ്ബുക്ക്, യുഎസ് ഉള്ളടക്ക മോഡറേറ്റർമാർക്ക് ലൊക്കേഷന്‍ അനുസരിച്ച് രാജ്യവ്യാപകമായി മണിക്കൂറിന് 18 മുതൽ 22 ഡോളർ (ഏകദേശം 1,400 രൂപ ) വരെ മിനിമം വേതനം ഉയർത്തിയിരുന്നു.

click me!