കൊവിഡ് 19 പിടിമുറുക്കുന്നു: ഗൂഗിളും മൈക്രോസോഫ്റ്റും വാര്‍ഷിക മെഗാ ഇവന്റുകള്‍ റദ്ദാക്കി

By Web TeamFirst Published Mar 4, 2020, 5:04 PM IST
Highlights

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മെയ് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന എഫ് 8 ഡവലപ്പര്‍ കോണ്‍ഫറന്‍സ് റദ്ദാക്കുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ പ്രാദേശിക കൊറോണ ഭീഷണിയെത്തുടര്‍ന്ന്, നിരവധി ടെക് കമ്പനികള്‍ അവരുടെ ഇവന്റുകള്‍ റദ്ദാക്കുന്നു. 

സന്‍ഫ്രാന്‍സിസ്കോ: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള ടെക്ഭീമന്മാര്‍ അവരുടെ വാര്‍ഷിക മെഗാ ഇവന്റുകള്‍ റദ്ദാക്കുന്നു. ക്ലൗഡ് നെക്‌സ്റ്റിന്‍റെ ലോഞ്ചിങ് റദ്ദാക്കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ക്ലൗഡ് ഫോക്കസ് ചെയ്ത ഇവന്റും ഗൂഗിളിന്റെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനവുമാണ് ക്ലൗഡ് നെക്സ്റ്റ്. ഫിസിക്കല്‍ ഇവന്റിന് പകരമായി, ഇവന്റിന്റെ ഡിജിറ്റല്‍ ബദല്‍ ഗൂഗിള്‍ ഹോസ്റ്റ് ചെയ്യും. ഫിസിക്കല്‍ ഇവന്റിന് അനുസൃതമായി ഡിജിറ്റല്‍ ഇവന്റ് നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതിനാല്‍, കീനോട്ട്, ബ്രേക്കൗട്ട് സെഷനുകള്‍, വിദഗ്ധരുമായി സംവദിക്കാനുള്ള സൗകര്യം എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

ക്ലൗഡ് നെക്സ്റ്റ് ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വെര്‍ച്വല്‍ ഇവന്റിനെ 'ഗൂഗിള്‍ ക്ലൗഡ് നെക്സ്റ്റ് '20: ഡിജിറ്റല്‍ കണക്റ്റ്' എന്നാണ് വിളിച്ചിരുന്നത്. കൊറോണ ശക്തമായി പടരുന്ന പശ്ചാത്തലത്തിലാണ് വലി കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ഉപദേശം ടെക് ഭീമന്‍ കണക്കിലെടുത്തത്. ഇതിനെത്തുടര്‍ന്ന്, ഇവന്റിനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകള്‍ക്കും ഗൂഗിള്‍ റീഫണ്ട് പ്രഖ്യാപിച്ചു. എല്ലാ ഹോട്ടല്‍ റിസര്‍വേഷനുകളും അതിന്റെ കോണ്‍ഫറന്‍സ് റിസര്‍വേഷന്‍ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമെന്നും അറിയിച്ചു. മാത്രമല്ല, സമ്മേളനത്തിനായി സൈന്‍ അപ്പ് ചെയ്ത എല്ലാ പങ്കാളികളെയും ഡിജിറ്റല്‍ കോണ്‍ഫറന്‍സിനായി ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യും.

ഇതിനുപുറമെ, മാര്‍ച്ചില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മൈക്രോസോഫ്റ്റിന്റെ 'മോസ്റ്റ് വാല്യൂബിള്‍ പ്രൊഫഷണല്‍' പ്രോഗ്രാമിനായുള്ള ഇവന്റായ മൈക്രോസോഫ്റ്റിന്റെ എംവിപി സമ്മിറ്റും ഒരു വെര്‍ച്വല്‍ ഇവന്റായി മാറിയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മെയ് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന എഫ് 8 ഡവലപ്പര്‍ കോണ്‍ഫറന്‍സ് റദ്ദാക്കുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. വ്യാപകമായ പ്രാദേശിക കൊറോണ ഭീഷണിയെത്തുടര്‍ന്ന്, നിരവധി ടെക് കമ്പനികള്‍ അവരുടെ ഇവന്റുകള്‍ റദ്ദാക്കുന്നു. മെയ് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗൂഗിള്‍ ഐ/ഒ, മൈക്രോസോഫ്റ്റ് ബില്‍ഡ് കോണ്‍ഫറന്‍സുകളെക്കുറിച്ചും അനിശ്ചിതത്വമുണ്ട്.

ഏപ്രിലില്‍ വടക്കന്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഗ്ലോബല്‍ ന്യൂസ് ഇനിഷ്യേറ്റീവ് ഉച്ചകോടി ഗൂഗിള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുകൂടാതെ, മെല്‍ബണില്‍ നടന്ന ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മൈക്രോസോഫ്റ്റ് അതിന്റെ പങ്കാളിത്തം റദ്ദാക്കി.

ഇറ്റലിയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ഗൂഗിളിനും സ്വിറ്റ്‌സര്‍ലന്‍ഡ് ഓഫീസില്‍ വൈറസ് ബാധിച്ച ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നു. ജീവനക്കാര്‍ക്കുള്ള എല്ലാ ബിസിനസ് യാത്രകളും നിയന്ത്രിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ഇവര്‍ ശക്തമായി നിര്‍ദ്ദേശിച്ചു കഴിഞ്ഞു.
 

click me!