Latest Videos

കരുത്ത് തെളിയിക്കാന്‍ ഗൂഗിളും; ഇനി ജെമിനിയുടെ കാലമോ?

By Web TeamFirst Published Dec 8, 2023, 4:16 PM IST
Highlights

പുതിയ എഐ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കാന്‍ ജെമിനി ഉപയോഗിച്ച് ഗൂഗിളിന് കഴിയുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായങ്ങള്‍.

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം ജെമിനി എഐ അവതരിപ്പിച്ച് ഗൂഗിള്‍. എട്ട് വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് ജെമിനിയെന്ന് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. അള്‍ട്രാ, പ്രോ, നാനോ എന്നീ മൂന്ന് മോഡുകളില്‍ ജെമിനി എഐ ലഭ്യമാകും. എഐ ടാസ്‌ക്കുകള്‍ നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വലിയ എല്‍എല്‍എം ആണ് അള്‍ട്രായില്‍ ഉപയോഗിക്കുന്നത്. പ്രോ ചെറിയ എല്‍എല്‍എം ഉപയോഗിക്കും. നാനോയില്‍ ഏറ്റവും ചെറിയ എല്‍എല്‍എമ്മാണ് ഉപയോഗിക്കുക. കമ്പ്യൂട്ടറുകളിലും ഫോണുകളിലും പ്രാദേശികമായി പ്രവര്‍ത്തിക്കുന്നതിനായി നാനോ ലഭ്യമാകാനുള്ള സാധ്യതയും ഇത് ചൂണ്ടിക്കാണിക്കുന്നു.

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ തന്നെ ഉറപ്പിച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചതെന്നാണ് ടെക് ലോകത്തെ വാര്‍ത്തകള്‍. പുതിയ എഐ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കാന്‍ ജെമിനി ഉപയോഗിച്ച് ഗൂഗിളിന് കഴിയുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായങ്ങള്‍. ഓരോ സാങ്കേതിക മാറ്റവും ശാസ്ത്രീയ കണ്ടുപിടിത്തം മുന്നോട്ട് കൊണ്ടുപോകാനും മനുഷ്യ പുരോഗതി ത്വരിതപ്പെടുത്താനും ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരമാണെന്ന് പിച്ചൈ തന്റെ ബ്ലോഗില്‍ കുറിച്ചു.

പല ജോലികളിലും ജെമിനി മനുഷ്യരെ പോലും മറികടക്കുന്നുവെന്നാണ് അതേ ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ സിഇഒയും സഹസ്ഥാപകനുമായ ഡെമിസ് ഹസാബിസ് കുറിച്ചത്. 90.0 ശതമാനം സ്‌കോറോടെ, ഗണിതം, ഭൗതികശാസ്ത്രം, ചരിത്രം, നിയമം, വൈദ്യശാസ്ത്രം തുടങ്ങിയ 57 വിഷയങ്ങളുടെ സംയോജനത്തിന് ഉപയോഗിക്കുന്ന എംഎംഎല്‍യു (മസിവ് മള്‍ട്ടിടാസ്‌ക് ലാംഗ്വേജ് അണ്ടര്‍ഡിംഗ്) യില്‍ വിദഗ്ധരെ മറികടക്കുന്ന ആദ്യ മോഡലാണ് ജെമിനി അള്‍ട്രായെന്നാണ് കമ്പനി പറയുന്നത്.

കാത്തിരുന്ന ഫീച്ചര്‍ മെസഞ്ചറിലും; 'ഇനി ചാറ്റും കോളും കൂടുതല്‍ സുരക്ഷിതം'  
 

click me!