Asianet News MalayalamAsianet News Malayalam

കാത്തിരുന്ന ഫീച്ചര്‍ മെസഞ്ചറിലും; 'ഇനി ചാറ്റും കോളും കൂടുതല്‍ സുരക്ഷിതം'

വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ശേഷമാണ് ഇത് നടപ്പിലാകുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും സുക്കര്‍ബര്‍ഗ്.

finally end-to-end encryption feature in facebook messenger joy
Author
First Published Dec 8, 2023, 3:54 PM IST

ഒടുവില്‍ ഫേസ്ബുക്ക് മെസഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരുന്നു. വൈകാതെ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് മെറ്റ അറിയിച്ചത്. ഇതോടെ ഫേസ്ബുക്ക് മെസഞ്ചറിലെ കോളുകളും മെസേജുകളും കൂടുതല്‍ സുരക്ഷിതമാകും. മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ ഈ ഫീച്ചറെത്തുന്നത്. വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ശേഷമാണ് ഇത് നടപ്പിലാകുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും സുക്കര്‍ബര്‍ഗ് കുറിച്ചു.  

നേരത്തെ മെസഞ്ചറില്‍ ഓപ്ഷണലായി തെരഞ്ഞെടുക്കാനാകുന്ന ഫീച്ചറായിരുന്നു എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റഡ് ആവും. വാട്‌സ്ആപ്പില്‍ ഇതിനകം തന്നെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഉണ്ടെങ്കില്‍ സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും ഇടയില്‍ മറ്റാര്‍ക്കും നുഴഞ്ഞു കയറാനോ സന്ദേശങ്ങള്‍ വായിക്കാനോ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

2016ലാണ് മെറ്റ ആദ്യമായി മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നത്. ഈ വര്‍ഷമാദ്യം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ മെസഞ്ചര്‍ ആപ്പില്‍ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് കമ്പനി പറഞ്ഞിരുന്നു.

പുതിയ ഡിഫോള്‍ട്ട് എന്‍ക്രിപ്റ്റ് ചാറ്റിലും കസ്റ്റം ചാറ്റ് ഇമോജികള്‍, ചാറ്റ് തീം എന്നീ പഴയ ഫീച്ചറുകള്‍ ലഭിക്കും. മെസഞ്ചറിലെ എല്ലാ ചാറ്റുകളും
ഡിഫോള്‍ട്ട് എന്‍ക്രിപ്ഷനിലേക്ക് മാറ്റാന്‍ സമയമെടുക്കുമെന്ന് മെസഞ്ചര്‍ മേധാവി ലോറിഡാന ക്രിസന്‍ അറിയിച്ചു. സ്വകാര്യ ചാറ്റുകള്‍ ഡിഫോള്‍ട്ട് എന്‍ക്രിപ്റ്റിലേക്ക് മാറിയെങ്കിലും ഗ്രൂപ്പ് മെസഞ്ചര്‍ ചാറ്റുകള്‍ക്കുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലവില്‍ 'ഓപ്റ്റ് ഇന്‍' ഓപ്ഷനില്‍ തന്നെയാണുള്ളത്. ഡിഫോള്‍ട്ട് പ്രൈവറ്റ് മെസഞ്ചര്‍ ചാറ്റുകള്‍ അവതരിപ്പിക്കുന്നതോടെ ഇന്‍സ്റ്റാഗ്രാമിലും ചാറ്റുകള്‍ ഡിഫോള്‍ട്ട് എന്‍ക്രിപ്റ്റിലേക്ക് മാറ്റുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പിന്നീട് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

95 രൂപയുടെ ഉത്പന്നത്തിന് 140 രൂപ; ഫ്ലിപ്കാര്‍ട്ടിനെതിരെയുള്ള നിയമ യുദ്ധം ജയിച്ച് യുവതി 

 

Follow Us:
Download App:
  • android
  • ios