ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ തിരിച്ചുവരാതെ ഗൂഗിള്‍ പേ; പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കാതെ ഗൂഗിള്‍.!

By Web TeamFirst Published Oct 27, 2020, 6:01 PM IST
Highlights

അതേ സമയം കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളോട് സംസാരിച്ച  ഗൂഗിള്‍ വക്താവ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിന്‍റെ ഭാഗം വിശദീകരിച്ചിരുന്നു. 

ദില്ലി: ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിട്ട് 48 മണിക്കൂറില്‍ ഏറെയായിട്ടും തിരിച്ചെത്തിയില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞ ആഗസ്റ്റിലും ഇത്തരത്തില്‍ ഗൂഗിള്‍ പേ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഇത്തവണ ഉടന്‍ തിരിച്ചെത്തും എന്ന് ഗൂഗിള്‍ അറിയിപ്പ് ഉണ്ടായിട്ടും ഇതുവരെ ആപ്പ് തിരിച്ചെത്തിയിട്ടില്ല.

അതേ സമയം കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളോട് സംസാരിച്ച  ഗൂഗിള്‍ വക്താവ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിന്‍റെ ഭാഗം വിശദീകരിച്ചിരുന്നു. ആപ്പ് സ്റ്റോറിലെ ആപ്പിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താല്‍ക്കാലികമായി ആപ്പ് പിന്‍വലിച്ചുവെന്നാണ് ഗൂഗിള്‍ പറയുന്നത്.  ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തടസ്സമില്ലാതെ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

നിലവില്‍ ഐഒഎസ് ഉപകരണങ്ങളില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് കുറച്ചു സമയത്തേക്ക് പേമെന്‍റ് നടത്താനും തടസം സംഭവിച്ചേക്കും എന്നാണ് ഗൂഗിള്‍ വക്താവ് അറിയിക്കുന്നത്. ഗൂഗിള്‍ പേ വീണ്ടും ആപ്പ് സ്റ്റോറില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും ഗൂഗിള്‍ വക്താവ് അറിയിക്കുന്നു.  തടസ്സം നേരിട്ട ഉപയോക്താക്കളുടെ പ്രയാസത്തില്‍ ഖേദിക്കുന്നുവെന്നും ഗൂഗിള്‍ വ്യക്തമക്കി.

ഓണ്‍ലൈന്‍ ഷോപ്പിംഗിനും മറ്റും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഐഒഎസ് ഉപയോക്താക്കളില്‍ ചിലര്‍ക്ക് ഇത്തരം ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം എന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞിരുന്നു എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് പറയുന്നത്. പക്ഷെ അത് ഒരു അറിയിപ്പായി ഇപ്പോഴും ഗൂഗിള്‍ പേ ഉപയോഗിക്കുന്ന ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ എന്ന് തിരയുമ്പോള്‍ റിസല്‍ട്ട് ഒന്നും കാണിക്കുന്നില്ല. എന്നാല്‍ ചിലപ്പോള്‍ റീസന്‍റ് അപ്ഡേറ്റ് ആപ്പ് ലിസ്റ്റില്‍ ഗൂഗിള്‍ പേ കാണിക്കും. പക്ഷെ ഇത് തുറന്നാല്‍ അപ്ഡേറ്റ് ലഭിക്കില്ല. 

click me!