സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഉത്തര കൊറിയന്‍ നീക്കമെന്ന് ഗൂഗിള്‍

By Web TeamFirst Published Jan 27, 2021, 8:43 PM IST
Highlights

ഗൂഗിള്‍ ത്രൈഡ് അനാലിസിസ് ഗ്രൂപ്പ് തിങ്കാളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയന്‍ സൈബര്‍ വെല്ലുവിളി സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ സൈബര്‍ സുരക്ഷ ഗവേഷകരുടെ ഗവേഷണ വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതായി മുന്നറിയിപ്പ്. ഗൂഗിളാണ് ഇത്തരം ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ ശ്രമങ്ങള്‍ ഏതുരീതിയില്‍ നടക്കുന്നുവെന്നോ, എത്രത്തോളം വിജയകരമായെന്നോ, എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നുവെന്നോ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.

ഗൂഗിള്‍ ത്രൈഡ് അനാലിസിസ് ഗ്രൂപ്പ് തിങ്കാളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയന്‍ സൈബര്‍ വെല്ലുവിളി സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഈ വിഭാഗത്തിലെ ഗവേഷകന്‍‍ ആദം വൈഡ്മാന്‍ എഴുതുന്നത് അനുസരിച്ച് ചില ബ്ലോഗുകളും, സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ഉപയോഗിച്ച് പ്രമുഖ സൈബര്‍ സുരക്ഷ വിദഗ്ധരുടെ പോലും വിശ്വസ്തരായി ചില ഹാക്കര്‍മാര്‍‍ മാറുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം സൌഹൃദങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് മാല്‍വെയര്‍ പ്രോഗ്രാമുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ ആക്രമണ രീതി ഉത്തര കൊറിയയുടെ സൈബര്‍ ആക്രമണ ശേഷി വര്‍ദ്ധിച്ചുവെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ക്രോം ബ്രൌസര്‍, വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ച് കാലമായി നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ ഉത്തരകൊറിയന്‍ പങ്കാളിത്തം വ്യക്തമാണ് എന്നാണ് സൈബര്‍ സുരക്ഷ രംഗത്തെ വിവിധ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. 2013ല്‍ ദക്ഷിണ കൊറിയന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നടന്ന സൈബര്‍ ആക്രമണം, 2014ലെ സോണി പിക്ചേര്‍സ് ഹാക്കിംഗ്, 2017 ലെ വാനക്രൈ ആക്രമണം ഇവയില്‍ എല്ലാം ഉത്തരകൊറിയന്‍ പങ്കാളിത്തം പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതാണ്. 

ഏതാണ്ട് 2 ബില്ല്യണ്‍ അമേരിക്കന്‍‍ ഡോളര്‍ എങ്കിലും ഉത്തര കൊറിയ 2010ന് ശേഷം സൈബര്‍ ആക്രമണത്തിലൂടെ സമ്പാദിച്ചിട്ടുണ്ടെന്നാണ് യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ 2019 ല്‍ വ്യക്തമാക്കിയത്. പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തുന്ന സൈബര്‍ ആക്രമണമാണ് ഉപരോധങ്ങളില്‍ പെട്ട് നടുവൊടിഞ്ഞ ഉത്തരകൊറിയന്‍ സാന്പത്തിക രംഗത്തിന്‍റെ മറ്റൊരു വരുമാന സ്രോതസ് എന്നാണ് റിപ്പോര്‍ട്ട്. 

click me!