സമ്പത്ത് 20,000 കോടി ഡോളറിലേക്ക്; ലോക റെക്കോഡിട്ട് അമസോണ്‍ മുതലാളി ബെസോസ്.!

By Web TeamFirst Published Aug 28, 2020, 9:28 AM IST
Highlights

2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ആമസോണിന്‍റെ ഓഹരി വിലയില്‍ 80 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്‍റെ സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു. ഈ നേട്ടത്തില്‍ എത്തുന്ന ലോകത്തിലെ ആദ്യത്തെ സമ്പന്നനാണ് ബെസോസ്. അതായത് കൊവിഡ് പ്രതിസന്ധിയില്‍ ലോകമെങ്ങും സാമ്പത്തിക രംഗം മെല്ലപ്പോക്കിന് വിധേയമാകുമ്പോള്‍ ബെസോസിന്‍റെ സമ്പത്ത് വളര്‍ന്നത് 16 ലക്ഷം കോടി രൂപയിലേക്കാണ്. ആമസോണ്‍ ഓഹരികള്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നടത്തിയ വന്‍ മുന്നേറ്റമാണ് ബിസോസിന് തുണയായത്.

2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ആമസോണിന്‍റെ ഓഹരി വിലയില്‍ 80 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച മാത്രം ആമസോണ്‍ ഓഹരികളുടെ മൂല്യം 2.3 ശതമാാനം വര്‍ദ്ധിച്ചു. ആമസോണ്‍ ഓഹരിയുടെ വില 3,423 ഡോളറാണ് ഇപ്പോള്‍. ഇത് പ്രകാരം വ്യാഴാഴ്ച ബിസോസിന്‍റെ സമ്പത്തിന്‍റെ മൂല്യം 20,460 കോടി ഡോളര്‍ വരും എന്നാണ് കണക്ക്.

ബിസോസ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ ആസ്തി 11,610 കോടി ആമേരിക്കന്‍ ഡോളറാണ്. 1994ലാണ് ന്യൂയോര്‍ക്കിലെ സിയാറ്റലില്‍ ഒരു ഗാരേജില്‍ ബെസോസ് ആമസോണ്‍ കമ്പനി ആരംഭിച്ചത്. ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായി ആരംഭിച്ച ആമസോണ്‍ ഇന്ന് കൈവയ്ക്കാത്ത മേഖലകള്‍ ഒന്നും ഇല്ല. 

click me!