
രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ബോളിവുഡ് നടി ജൂഹി ചൗള കോടതിയെ സമീപിച്ചത് ഏറെ വാര്‍ത്തയായിരുന്നു. 5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനീകരമാണെന്ന പഠനം നടത്തണമെന്നാണ് ആവശ്യം. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജൂൺ രണ്ടിന് പരിഗണിക്കും. എന്നാല്‍ ജൂഹിയുടെ വാദങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശരിക്കും 5ജി എന്തെങ്കിലും ദോഷം ചെയ്യുന്നുണ്ടോ?
5ജി ടവറുകള്‍ക്കെതിരായ ആക്രമണം
കൊറോണ വ്യാപനത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൊറോണയ്ക്ക് കാരണം 5ജി നെറ്റ്വര്‍ക്കാണ് എന്ന പ്രചാരണം നടന്നു. ഈ പ്രചാരണത്തില്‍ പലയിടത്തും 5ജി ടവറുകള്‍ ആക്രമിക്കപ്പെട്ടു. ബ്രിട്ടന്‍, സൈപ്രസ്, ഇറ്റലി എന്നിവിടങ്ങളില്‍ എല്ലാം ഈ പ്രചാരണം കൊടുമ്പിരികൊണ്ടു. ഇത് പലതരത്തിലുള്ള സാമൂഹ്യ പ്രശ്നത്തിലേക്കും നയിച്ചു. ഇതിന്‍റെ ഭാഗമായി ചില തീവ്ര പരിസ്ഥിതി സംഘടനകളും രംഗത്ത് എത്തിയിരുന്നു. യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഇത് സംബന്ധിച്ച ആയിരക്കണക്കിന് പോസ്റ്റുകള്‍ നീക്കം ചെയ്തു. ഈ പ്രശ്നത്തിന്‍റെ ചുവട് പിടിച്ച് തന്നെയാണ് ഇപ്പോള്‍ ചലച്ചിത്ര താരമായ ജൂഹിയുടെ ഹര്‍ജിയും എന്ന് അനുമാനിക്കാം.
5ജിയും കൊവിഡ് 19ഉം തമ്മിലൊന്നും ഇല്ല
എന്നാല്‍ 5ജിയും കൊവിഡ് 19ഉം തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ആരോഗ്യ, സാങ്കേതിക വിദഗ്ധര്‍ പറയുന്നു. റേഡിയോ തരംഗങ്ങളിലൂടെയോ മൊബൈല്‍ നെറ്റ്‍വര്‍ക്കിലൂടയോ കൊവിഡ് 19 പ്രചരിക്കില്ലെന്നും 5ജി നെറ്റ്‍വര്‍ക്കില്ലാത്ത പല രാജ്യങ്ങളിലും കൊവിഡ് പടരുന്നതായും ലോകാരോഗ്യ സംഘടന(WHO) വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ നെറ്റ്‍വര്‍ക്കുകള്‍ കൊവിഡ് പരത്താനുള്ള സാധ്യത ഐറിസ് അര്‍ബുദ ഗവേഷകനായ ഡോ. ഡേവിഡ് റോബര്‍ട്ട് ഗ്രിബെസും തള്ളിക്കളഞ്ഞു.
5ജി മാത്രമല്ല, മുന്‍ ജനറേഷന്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് സാങ്കേതികവിദ്യകളും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായി എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മൊബൈല്‍ നെറ്റ്‍വര്‍ക്കുകള്‍ ഹ്രസ്വ- ദീര്‍ഘകാലത്തെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് 2006ല്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
ഇത് സംബന്ധിച്ച ഒരു വീഡിയോ കാണുക...
"