Latest Videos

ഓല, ഊബർ, റാപ്പിഡോ ഓട്ടോ സർവീസ് കർണാടക സർക്കാർ നിരോധിക്കുന്നു; 'നിയമവിരുദ്ധമെന്ന്' സര്‍ക്കാര്‍

By Web TeamFirst Published Oct 8, 2022, 7:17 AM IST
Highlights

സർക്കാർ നിശ്ചയിച്ചതിനേക്കാൾ വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന്  നിലവിൽ ഇവർ ഈടാക്കുന്നത്. അതിനിടയിൽ, ഓല, ഊബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രഗേറ്ററുകൾ, ഡ്രൈവർമാർക്കും സിഎകൾക്കും എത്ര തുക വീതം നൽകുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന്  സെപ്റ്റംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പ്രസ്താവിച്ചിരുന്നു. 

ബെംഗലൂരു: ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രഗേറ്റർമാർ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. കർണാടക ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസമാണ് ഇക്കൂട്ടർക്ക് നോട്ടീസ് നൽകിയത്. റൈഡുകളുടെ വർദ്ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കമ്പനികളോട് വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ഒക്‌ടോബർ ആറിന് നോട്ടീസ് പുറപ്പെടുവിച്ച വകുപ്പ് ഓട്ടോ സര്‍വീസുകള്‍ അടച്ചുപൂട്ടാൻ  മൊത്തം മൂന്ന് ദിവസത്തെ സമയവും നൽകി. ഓൺ ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി ആക്‌ട് 2016 പ്രകാരം അഗ്രഗേറ്റർമാർക്ക് ടാക്‌സി സേവനങ്ങൾ നൽകാൻ മാത്രമാണ് ലൈസൻസ് നൽകിയിരിക്കുന്നത്.  കരാറിൽ പബ്ലിക് സർവീസ് പെർമിറ്റുള്ള ഡ്രൈവറെ കൂടാതെ ആറ് യാത്രക്കാരെ വരെ കയറ്റാം. 

കമ്പനികൾ അനധികൃത ഓട്ടോറിക്ഷാ ഓപ്പറേഷൻ സംബന്ധിച്ച് വിശദീകരണം നൽകണമെന്നും മൂന്ന്  ദിവസത്തിനുള്ളിൽ ഇത് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.സർക്കാർ നിശ്ചയിച്ചതിനേക്കാൾ വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന്  നിലവിൽ ഇവർ ഈടാക്കുന്നത്. അതിനിടയിൽ, ഓല, ഊബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രഗേറ്ററുകൾ, ഡ്രൈവർമാർക്കും സിഎകൾക്കും എത്ര തുക വീതം നൽകുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന്  സെപ്റ്റംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പ്രസ്താവിച്ചിരുന്നു. 

2020 നവംബറിൽ, ടാക്‌സി അഗ്രഗേറ്ററുകൾക്കായി പുതിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. സർക്കാർ മിനിമം ചാർജ് (ആദ്യത്തെ രണ്ട് കിലോമീറ്ററിന്)  30 രൂപയായും  കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്നു. ഓരോ അധിക കിലോമീറ്ററിനും 15 രൂപ വീതം കൂടുതൽ വാങ്ങാം. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ഇന്ധന വില വർധനയും പണപ്പെരുപ്പവും കാരണം ടാക്സി അഗ്രഗേറ്റർമാർ മിനിമം ചാർജ് 50 രൂപയിൽ നിന്ന് 60 രൂപയായും,100 രൂപയിൽ നിന്ന് 115 രൂപയായും വർദ്ധിപ്പിച്ചു.ഈ വിഷയത്തിൽ കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ടാക്സി അഗ്രഗേറ്റർമാർ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് കണ്ടറിയണം. കമ്പനികൾ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. അതിനനുസരിച്ച് ആയിരിക്കും സർക്കാർ  നടപടിയെടുക്കുക. 

അടുത്തിടെയാണ് നഗരത്തിലെ ഓട്ടോ യൂണിയനുകൾ നമ്മ യാത്രി എന്ന പേരിൽ സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.  ബെക്ക് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ നവംബർ ഒന്നിനാണ് ഈ ആപ്പ് പുറത്തിറക്കിയത്.

click me!