കൊവിഡിന്‍റെ 30 സെക്കന്‍റ് സന്ദേശം കൈയ്യടക്കിയത് കോടിക്കണക്കിന് മണിക്കൂറുകള്‍

By Web TeamFirst Published Jan 15, 2021, 2:08 PM IST
Highlights

സാമൂഹിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്. ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരിക്കുന്നത്. 

ദില്ലി: കൊവിഡ് പ്രതിസന്ധിക്കാലത്ത് വിവിധതരത്തിലുള്ള ബോധവത്കരണങ്ങള്‍ അധികാരികള്‍ നടത്തിയിരുന്നു. ഇതിലൊന്നാണ് ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒരോ കോളിന് മുന്‍പും കേട്ട കോവിഡ്–19 മുന്നറിയിപ്പ് സന്ദേശം. 30 സെക്കന്‍റ് നീണമുള്ള ഈ സന്ദേശം ഇതുവരെ കേട്ടവരുടെ സമയം എടുത്താല്‍ അത് ഒരു ദിവസം 1.3 കോടിമണിക്കൂറുകള്‍ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

പ്രീ-കോൾ കോവിഡ് മെസേജ് പ്രതിദിനം 1.3 കോടി മനുഷ്യ മണിക്കൂറുകൾ പാഴാക്കുന്നതായി കണക്കാക്കപ്പെടുന്നു. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ കോളുകൾ വിളിക്കുമ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് പ്രമുഖ ഉപഭോക്തൃ സംഘടന രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, കമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ അഫയേഴ്‌സ് മന്ത്രിമാർ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി. വഘേല എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. 

സാമൂഹിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്. ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിരവധി മൊബൈൽ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കത്ത്. നിരവധി പേരുടെ വിലപ്പെട്ട സമയവും മൊബൈലിലെ ചാർജും നഷ്ടപ്പെടുന്നു. കോവിഡ് -19 സന്ദേശങ്ങൾ കേൾക്കുന്നതിന് പ്രതിദിനം 1.3 കോടി അധിക മണിക്കൂർ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഭോക്തൃ അസോസിയേഷൻ ആരോപിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു കത്ത് സംബന്ധിച്ച് ഇതുവരെ വിവരം ഇല്ലെന്നാണ് ട്രായി സെക്രട്ടറി സുനില്‍ ഗുപ്ത ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചത്. എന്നാല്‍ ട്രായിയിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരപ്രകാരം. കൊവിഡ് 19 സന്ദേശം നീക്കം ചെയ്യണോ എന്നത് ടെലികോം മന്ത്രാലയം എടുക്കേണ്ട തീരുമാനമാണെന്നും. ഇതില്‍ ട്രായിക്ക് ഇടപെടാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്. 

അതേ സമയം ഇപ്പോഴത്തെ അവസ്ഥയില്‍ ഡയലര്‍ ട്യൂണിന് പകരം കൊവിഡ് സന്ദേശം ഉള്‍പ്പെടുത്തണം എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇതിനായി ടെലികോം മന്ത്രാലയവും ട്രായിയും മറ്റും ശ്രമിക്കണം. അപ്പോള്‍ കോള്‍ കണക്ട് ആകുന്നതുവരെ സന്ദേശം കേള്‍ക്കാം. ഇന്ത്യയില്‍ 5 ല്‍ ഒരു കോള്‍ കണക്ട് ആകാറില്ലെന്നാണ് ശരാശരി കണക്ക്. അതിനാല്‍ തന്നെ പൂര്‍ണ്ണമായും ഈ സന്ദേശം കേള്‍ക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വരില്ല. പക്ഷെ ഇത്തരം നീക്കം റിംഗ് ടോണ്‍ വഴിയുള്ള ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിച്ചേക്കും എന്നതാണ് അവര്‍ ഉയര്‍ത്തുന്ന ആശങ്ക. 

click me!