ഫേസ്ബുക്ക് ഒരു രാജ്യമാകുന്നോ; സ്വന്തം കറന്‍സിയും വരുന്നു.!

By Web TeamFirst Published May 5, 2019, 10:23 AM IST
Highlights

തങ്ങളുടെ കറന്‍സി നടപ്പിലാക്കാന്‍ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

സന്‍ഫ്രാന്‍സിസ്കോ: ക്രിപ്റ്റോ കറന്‍സി നടപ്പിലാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ലോക പ്രശസ്ത ക്രിപ്റ്റോ കറന്‍സി ബിറ്റ്സ് കോയിന്‍ മോഡലില്‍ ആയിരിക്കും പുതിയ കറന്‍സി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് മാധ്യമം വാൾ‌ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് പ്രകാരം പുതിയ കറൻസി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ ഫേസ്ബുക്ക് അതിവേഗം നടപ്പിലാക്കുന്നു എന്നാണ് പറയുന്നത്. ഓണ്‍ലൈനായി വിവിധതരം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി. 

തങ്ങളുടെ കറന്‍സി നടപ്പിലാക്കാന്‍ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സഹായത്തോടെയാണ്  ഫേസ്ബുക്കിന്‍റെ ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല എന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഫേസ്ബുക്കിന്‍റെ നീക്കം എന്നാണ് സൂചന.

അതേ സമയം ഫേസ്ബുക്ക് ക്രിപ്റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും സൂചനകള്‍ ഉണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പല സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ ക്രിപ്റ്റോ കറന്‍സിയാണ് എന്ന നിലയില്‍ വാര്‍ത്ത വന്നതോടെ ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനാല്‍ തന്നെ ഇത് എങ്ങനെ നടപ്പിലാക്കും എന്നത് കാത്തിരുന്നു കണേണ്ടി വരും.

അടുത്തിടെ ഫേസ്ബുക്ക് മുന്‍ പേപാല്‍ പ്രസിഡന്‍റ് ഡേവിഡ് മാര്‍ക്കസിനെ  തങ്ങളുടെ ബ്ലോക് ചെയിൻ വിഭാഗത്തിന്‍റെ തലവനാക്കി നിയമിച്ചതായിരുന്നു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ കറന്‍സിയുടെ പ്രവര്‍ത്തനം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

click me!