4ജിക്ക് വേണ്ടി ചൈനീസ് ഉപകരണങ്ങള്‍ വേണ്ട; ബിഎസ്എന്‍എല്ലിനോട് കേന്ദ്രം

By Web TeamFirst Published Jun 18, 2020, 5:29 PM IST
Highlights

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ നിലവില്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകളില്‍ ചൈനീസ് കമ്പനിയായ വാവ്വേയുടെ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. 

ദില്ലി: ബിഎസ്എന്‍എല്‍ 4ജി നൈറ്റ്വര്‍ക്കിലേക്ക് മാറുവാന്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുത് എന്ന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടെലികോം മന്ത്രാലയം ഇത്തരം ഒരു കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്ര ടെലികോം മന്ത്രാലയം സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ബിഎസ്എന്‍എല്ലിന്‍റെ 4ജി സംവിധാനങ്ങള്‍ ഒരുക്കാനുള്ള കരാറുകള്‍ വീണ്ടും മാറ്റിവിളിക്കാനും കേന്ദ്ര ടെലികോം മന്ത്രാലയം ആലോചിക്കുന്നതായും വിവിധ സര്‍ക്കാര്‍ വൃത്തങങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വരുന്നുണ്ട്. ഇത് പോലെ തന്നെ രാജ്യത്തെ വിവിധ സ്വകാര്യ ടെലികോം കമ്പനികളോടും ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ നിലവില്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകളില്‍ ചൈനീസ് കമ്പനിയായ വാവ്വേയുടെ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ചൈനീസ് കമ്പനിയായ സെഡ്.ടി.ഇയുടെ ഉപകരണങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലും ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേ സമയം ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഭവവികാസങ്ങളും. 20 സൈനികരുടെ വീരമൃത്യുവുമാണ് സര്‍ക്കാറിനെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ചൈനീസ് നിര്‍മ്മിത നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ എപ്പോഴും സുരക്ഷ വിഷയത്തില്‍ സംശയത്തിന്‍റെ നിഴലിലാണ് എന്നാണ് ഒരു സര്‍ക്കാര്‍ വൃത്തം എന്‍.ഡി.ടിവിയോട് പറഞ്ഞത്.

അടുത്തിടെ അമേരിക്കയില്‍ ചൈനീസ് കമ്പനിയായ വാവ്വേയ്ക്ക് എതിരെ ഇത്തരം നീക്കം നടന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 2012 മുതല്‍ അമേരിക്കയില്‍ വ്യാപകമായി ചൈനീസ് ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മ്മാതാക്കള്‍ക്കെതിരെ ചാരവൃത്തി അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 5ജി നൈറ്റ്വര്‍ക്ക് വികസനത്തിന് ചൈനീസ് ഉപകരണങ്ങള്‍ ഏതാണ്ട് ഉപേക്ഷിക്കുന്ന നിലയിലേക്ക് അമേരിക്കന്‍ ടെലികോം മേഖലയെ ഈ വിവാദങ്ങള്‍ പ്രാപ്തമാക്കി. യൂറോപ്പിലും ചൈനീസ് കമ്പനികള്‍ക്കെതിരെ സുരക്ഷ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

click me!