Latest Videos

'ദുരുപയോഗം നടത്തി'; വിവിധ സര്‍ക്കാറുകളെ പെഗാസസ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jul 30, 2021, 11:04 AM IST
Highlights

കഴിഞ്ഞ ചില ആഴ്ചകളായി ഫ്രഞ്ച് സൈറ്റായ ഫോര്‍ബിഡന്‍ സ്റ്റോറി, ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് കരുതപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടുവരുകയായിരുന്നു. 

ടെല്‍അവീവ്: ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിക്കുന്നതില്‍ നിന്നും അത് വാങ്ങിയ വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ അടക്കമുള്ള ചില ഉപയോക്താക്കളെ നിര്‍മ്മാതാക്കാളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് വിലക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു എന്‍എസ്ഒ ജീവനക്കാരനെ ഉദ്ധരിച്ച് എന്‍പിആര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെഗാസസ് പല രാജ്യങ്ങളും ദുരുപയോഗം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

കഴിഞ്ഞ ചില ആഴ്ചകളായി ഫ്രഞ്ച് സൈറ്റായ ഫോര്‍ബിഡന്‍ സ്റ്റോറി, ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് കരുതപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടുവരുകയായിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയാണ് എന്‍എസ്ഒയുടെ 'സസ്പെന്‍ഷന്‍' നടപടി എന്നാണ് സൂചന. 

വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം വലിയതോതിലുള്ള സമ്മര്‍ദ്ദമാണ് ഈ ഇസ്രയേല്‍ സെക്യൂരിറ്റി സ്ഥാപനം നേരിട്ടുകൊണ്ടിരുന്നത്. കമ്പനി സ്ഥിതി ചെയ്യുന്ന ഇസ്രയേലും ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടുന്നുണ്ടായിരുന്നു. ഫ്രാന്‍സില്‍ പെഗാസസിനെതിരെ അന്വേഷണം ആരംഭിച്ച അവസ്ഥയിലായിരുന്നു ഇത്. ഇതിനെ തുടര്‍ന്നാണ് കമ്പനി തങ്ങളുടെ ചില ഉപയോക്താക്കള്‍ക്ക് പെഗാസസ് ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

ചില ഉപയോക്താക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അതിന്‍റെ ഭാഗമായാണ് ഈ നടപടി. ഇപ്പോഴത്തെ സസ്പെന്‍ഷന്‍ താല്‍ക്കാലികമാണ്, എന്‍പിആറിനോട് സംസാരിച്ച എന്‍എസ്ഒ ജീവനക്കാരന്‍ അറിയിച്ചു. അതേ സമയം ബുധനാഴ്ച ഇസ്രയേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്‍എസ്ഒ ആസ്ഥാനത്ത് പരിശോധന നടത്തി. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. ഇതില്‍ എല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് എന്നാണ് എന്‍എസ്ഒ പറയുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മുന്‍പ് തന്നെ അഞ്ചോളം പെഗാസസ് ഉപയോക്താക്കളെ എന്‍എസ്ഒ, ഇത് ഉപയോഗിക്കുന്നതില്‍ വിലക്കിയിരുന്നു. സൗദി അറേബ്യ, ദുബായ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികളാണ് അവ എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് പറയുന്നത്.

Read More: 'അമിത് ഷാ വിശദീകരിച്ചാല്‍ മതി'; പെഗാസസില്‍ നിലപാട് മയപ്പെടുത്തി പ്രതിപക്ഷം

Read More: 'കുടിയൻ ബെൻസോടിച്ച് ആളെക്കൊന്നാൽ നിങ്ങൾ കമ്പനിയെ കുറ്റം പറയുമോ?', വിവാദത്തിൽ പ്രതികരിച്ച് പെഗാസസ് ഉടമ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!