കാറുകള്‍, മൊബൈല്‍ ആക്‌സസറികള്‍ക്ക് അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി ഓപ്പോ

By Web TeamFirst Published Feb 24, 2021, 6:58 AM IST
Highlights

ഫ്‌ലാഷ് ഇനിഷ്യേറ്റീവിന് കീഴില്‍ ഓപ്പോ ഓട്ടോമൊബൈലുകളും ചാര്‍ജിംഗ് ആക്‌സസറികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ അങ്കര്‍, എഫ്എഡബ്ല്യു-ഫോക്‌സ്‌വാഗണ്‍ എന്നിവയുമായി കമ്പനി പങ്കാളികളാകും. 

സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യകള്‍ മികച്ചതാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ചുരുക്കം ചില ടെക് കമ്പനികളില്‍ ഒന്നാണ് ഓപ്പോ. ഇവയില്‍ നിന്നുള്ള മികച്ച സാങ്കേതികവിദ്യകളിലൊന്നാണ് വിഒഒസി ഫാസ്റ്റ് ചാര്‍ജിംഗ്, ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 20 മിനിറ്റിനുള്ളില്‍ ഒരു ബാറ്ററി ചാര്‍ജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഫ്‌ലാഷ് ഇനിഷ്യേറ്റീവ് എന്നാണ് ഈ പുതിയ പ്രോഗ്രാം അറിയപ്പെടുന്നത്. ഈ സാങ്കേതികവിദ്യ അതിന്റെ ഫോണുകള്‍ക്ക് പുറമേ മറ്റ് നിരവധി ഉപകരണങ്ങളിലേക്ക് കൂടി ഇപ്പോള്‍ വികസിപ്പിക്കാനാണ് ഓപ്പോ തയ്യാറെടുക്കുന്നത്. ഇപ്പോള്‍ ഷാങ്ഹായില്‍ നടന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ പുതിയ സംരംഭം കമ്പനി അവതരിപ്പിച്ചു. ഇതു പ്രകാരം, പ്രൊപ്രൈറ്ററി ചാര്‍ജിംഗ് സാങ്കേതികവിദ്യകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഓപ്പോ പറഞ്ഞു.

ഫ്‌ലാഷ് ഇനിഷ്യേറ്റീവിന് കീഴില്‍ ഓപ്പോ ഓട്ടോമൊബൈലുകളും ചാര്‍ജിംഗ് ആക്‌സസറികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ അങ്കര്‍, എഫ്എഡബ്ല്യു-ഫോക്‌സ്‌വാഗണ്‍ എന്നിവയുമായി കമ്പനി പങ്കാളികളാകും. ഇത് ചൈനയിലെ എഫ്എഡബ്ല്യു ഗ്രൂപ്പും ഫോക്‌സ് വാഗനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ചൈനീസ് വിപണിയില്‍ ഈ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നങ്ങളില്‍ വിഒഒസി ഫ്‌ലാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടക്കത്തില്‍ നടപ്പാക്കുമെന്നാണ് ഇതിനര്‍ത്ഥം. കൂടാതെ, പൊതു ഉപയോഗത്തിനായി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ രൂപത്തില്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യ വിന്യസിക്കുമെന്നും ഓപ്പോ വ്യക്തമാക്കി. 

ഓപ്പോ പറയുന്നതനുസരിച്ച്, ഫ്‌ലാഷ് ഇനിഷ്യേറ്റീവിലെ ഓരോ പങ്കാളിയും അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്കായി ഓപ്പോ നിര്‍മ്മിച്ച കുത്തക സാങ്കേതിക ഡിസൈനുകള്‍ ഉപയോഗിക്കും. പങ്കാളികളെ ചൈന ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ലബോറട്ടറി (സിടിടിഎല്‍) എന്ന സര്‍ട്ടിഫിക്കേഷന്‍ ലാബ് പരീക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ചാര്‍ജറുകള്‍ പോലുള്ള മൊബൈല്‍ ആക്‌സസറികളിലേക്ക് ഓപ്പോയുടെ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ അങ്കര്‍ കൊണ്ടുവരുമ്പോള്‍, ഫോക്‌സ്‌വാഗണ്‍ തിരഞ്ഞെടുത്ത കാറുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഓഡി കാറുകള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്നതിനെക്കുറിച്ച് വിവരവമില്ല. എന്‍എക്‌സ്പി സെമി കണ്ടക്ടറുകള്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ച് സ്മാര്‍ട്ട് സിറ്റികള്‍, വ്യാവസായിക ഇന്‍ഫ്രാസ്ട്രക്ചറുകള്‍, ഓട്ടോമോട്ടീവ്, സ്മാര്‍ട്ട് ഹോമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് സ്മാര്‍ട്ട് കണക്റ്റുചെയ്ത ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കും.

വിഒഒസി ചാര്‍ജിംഗ് കുറച്ച് കാലമായി ഓപ്പോ ഫോണുകളില്‍ ലഭ്യമാണ്. 2014 ലാണ് ഇത് ലോഞ്ച് ചെയ്തത്, ലോകമെമ്പാടുമുള്ള 175 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വിഒഒസി അവതരിപ്പിക്കുന്ന 30 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഇതുവരെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് അനുഭവം നല്‍കിയിട്ടുണ്ടെന്ന് ഓപ്പോ പറഞ്ഞു. റിയല്‍മീ, വണ്‍പ്ലസ് എന്നിവയ്ക്കും ഈ സാങ്കേതികവിദ്യയിലേക്ക് ആക്‌സസ് ഉണ്ട്, അത് അവരുടെ ഫോണുകളില്‍ റീബ്രാന്‍ഡിംഗിനൊപ്പം ഉപയോഗിക്കുന്നു. ആഗോളതലത്തില്‍ ഫ്‌ലാഷ് ചാര്‍ജിംഗിനായി 2,950 ലേറെ പേറ്റന്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ 1,400 എണ്ണം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും ഓപ്പോ പറഞ്ഞു. നിരവധി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭ്യമായ ക്വാല്‍കോമിന്റെ ക്വിക്ക്ചാര്‍ജ് സാങ്കേതികവിദ്യയ്ക്കുള്ള ഉത്തരമാണ് ഓപ്പോയുടെ വിഒഒസി ഫ്‌ലാഷ് ചാര്‍ജിംഗ്.

കഴിഞ്ഞ വര്‍ഷം, ഫ്‌ലാഷ് ചാര്‍ജ് എന്നറിയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഓപ്പോ അതിവേഗ ചാര്‍ജിംഗ് പ്രദര്‍ശിപ്പിച്ചു. ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇത് 125വാട്‌സ് ഔട്ട്പുട്ട് പവര്‍ ഉപയോഗിക്കുന്നു, ഇത് 20 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച് ബാറ്ററി നിറയ്ക്കുമെന്ന് പറയപ്പെടുന്നു. വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള ശക്തി ഫോണുകള്‍ക്ക് നല്‍കുന്നതിന് ഓപ്പോ നിര്‍മ്മിച്ച ഏറ്റവും നൂതനമായ ഒരു സംവിധാനം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഡ്യുവല്‍ സെല്‍ ബാറ്ററി ഉപയോഗിച്ചതായും ചാര്‍ജിംഗ് ബ്രിക്‌സും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും ഓപ്പോ പറഞ്ഞു.

click me!