
ന്യൂയോര്‍ക്ക്: ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങിയിട്ടും തന്‍റെ സമ്പദ്യത്തില്‍ വന്‍ വര്‍ദ്ധനവ് നേടി ജെഫ് ബിസോസ്. നിലവില്‍ ആമസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആണ് ബിസോസ്. ഇപ്പോള്‍ ബിസോസിന്‍റെ ആസ്ഥി 221 ശതകോടി അമേരിക്കന്‍ ഡോളര്‍ വരും. ആമസോണിന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഓഹരിയുടമയായി ബിസോസിന് കഴിഞ്ഞ ദിവസം മാത്രം ആസ്തിയില്‍ ഏകദേശം 62730 കോടി രൂപയോളം വര്‍ദ്ധനവാണ് ഉണ്ടായത്. അതിന് കാരണം ആമസോണ്‍ ഓഹരികള്‍ 4.7 ശതമാനത്തോളം കുത്തനെ ഉയര്‍ന്നതാണ്.
ലോകത്തിലെ ധനികന്മാരില്‍ രണ്ടാം സ്ഥാനത്തുള്ള ഇലോണ്‍ മസ്കിനെക്കാള്‍ 3000 കോടി ഡോളറിന് മുന്നിലാണ് ബെസോസ് ഇപ്പോള്‍ എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബെസോസിനെ പിന്തള്ളി ലോക ധനിക പട്ടികയില്‍ ഇലോണ്‍ മസ്ക് ഒന്നാമത് എത്തിയിരുന്നു. ഇലോണ്‍ മസ്കിന്‍റെ ക്രിപ്റ്റോ കറന്‍സി നിലപാടുകള്‍ അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളുടെ ഓഹരികളില്‍ കുതിപ്പ് ഉണ്ടാക്കിയതാണ് അതിന് കാരണമായത്.
എന്നാല്‍ ഏപ്രിലോടെ ക്രിപ്റ്റോ കറന്‍സി നിലപാട് പിന്‍വലിഞ്ഞതോടെ മസ്കിന്‍റെ മൂല്യം താഴ്ന്നു. ഇതോടെ ലോകത്തിലെ ധനിക പട്ടികയിലെ ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടു. അതേ സമയം മാര്‍ച്ചിന് ശേഷം ആമസോണ്‍ ഓഹരികളില്‍ 20 ശതമാനം വര്‍ദ്ധനമാണ് രേഖപ്പെടുത്തിയത്. ഇത് ധനികരുടെ പട്ടികയില്‍ ജെഫ് ബെസോസിന്‍റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.
അതേ സമയം ഇപ്പോള്‍ ബെസോസിന്‍റെ അസ്തിയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായത് ഒരു ഉത്തരവാണ്. അത് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിന്‍റെയാണ് ഈ നടപടി. ഇ-കോമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന മേഖല ക്ലൗഡ് കംപ്യൂട്ടിംഗാണ്. അതില്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റാണ് അവരുടെ പ്രധാന എതിരാളികള്‍. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായുള്ള ക്ലൗഡ് കംപ്യൂട്ടിങ് കരാർ റദ്ദാക്കുന്നതായി പെന്റഗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആമസോൺ ഓഹരികൾ 4.7 ശതമാനമാണ് ഉയർന്നത്. എതിരാളികള്‍ക്ക് വന്ന തിരിച്ചടി ആമസോണിനും, ബെസോസിനും തുണയായി. ഇതിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ കുത്തനെ താഴുകയും ചെയ്തു.