
ദില്ലി: കൊവിഡ് പ്രതിരോധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽഗേറ്റ്സും ചർച്ച നടത്തി. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ചർച്ച. കൊവിഡ് പ്രതിരോധത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് എല്ലാ സഹായവും ഇന്ത്യ നൽകുമെന്ന് മോദി ബിൽഗേറ്റ്സിനെ അറിയിച്ചു. ഈ മഹാമാരിക്കെതിരായ അതിജീവനം സാധ്യമാക്കുക വാക്സിന്‍ ഉത്പാദനം മാത്രമാണെന്ന ആശയമാണ് ബില്‍ഗേറ്റ്സ് പങ്കുവച്ചത്. അതിനാല്‍ തന്നെ അതിന് വേണ്ടി ടെക്നോളജിയും പുത്തന്‍ ആശയങ്ങളും ഉപയോഗിക്കണം എന്നും ബിൽഗേറ്റ്സ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ഈ കൂടികാഴ്ച സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ജനങ്ങളെ കേന്ദ്രീകരിച്ച് അടിത്തട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കൊവിഡിനെ പ്രതിരോധിക്കാന്‍ ഉതകൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബില്‍ഗേറ്റ്സുമായി പങ്കുവച്ചത്. സാമൂഹ്യ അകലം, കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് നല്‍കുന്ന ആദരം, മാസ്ക് ധരിക്കല്‍, വ്യക്തിശുചിത്വം, ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ പാലിക്കല്‍ ഇവയെല്ലാം അത്യവശ്യമാണെന്നും മോദി സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ അധിഷ്ഠിതമാണ് ഇന്ത്യയുടെ കൊവിഡ് പോരാട്ടമെന്നും മോദി ബിൽഗേറ്റ്‍സിനോട് പറഞ്ഞു.
കൊവിഡ് കാലത്തിന് ശേഷം ജീവിത രീതി, സാമ്പത്തിക രംഗം, സാമൂഹ്യ പെരുമാറ്റം, വിദ്യാഭ്യാസം, ആരോഗ്യ രംഗം എന്നീ മേഖലകളില്‍ വരുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്താന്‍ ബില്‍ഗേറ്റ്സിന്‍റെ ഗേറ്റ്സ് ഫൗണ്ടേഷന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രവര്‍ത്തി നടത്തിയാല്‍ ഇന്ത്യ അതിന് സഹായം നല്‍കുമെന്നും മോദി ഗേറ്റ്സിനെ അറിയിച്ചു.