വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും പോണ്‍ വീഡിയോ; വിവാദം

By Web TeamFirst Published Oct 20, 2020, 8:48 AM IST
Highlights

എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് വിവാദമായതോടെ മന്ത്രി വിശദീകരണവുമായി എത്തി. ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്‍റെ ഉത്തരവാദിത്വം എന്‍റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്

പനാജി: ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും പോണ്‍ വീഡിയോ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വാദവുമായി മന്ത്രി രംഗത്ത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കറിന്‍റെ ഫോണില്‍ നിന്നാണ് 'വില്ലേജ് ഓഫ് ഗോവ' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില് ഒരു പോണ്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. 

എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് വിവാദമായതോടെ മന്ത്രി വിശദീകരണവുമായി എത്തി. ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്‍റെ ഉത്തരവാദിത്വം എന്‍റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്, ഞാന്‍ അംഗമായ അനേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട് അതില്‍ ഒന്നിലാണ് ഈ പ്രശ്നം. ഇതില്‍ വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നു -ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഗോവന്‍ സൈബര്‍ പൊലീസിന് മന്ത്രി പരാതി നല്‍കിയിട്ടുണ്ട്. 

എന്‍റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. എന്ന് ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ഇതൊക്കെ നടത്തുന്നത്. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്‍റെ ഫോണ്‍ ഹാക്ക് ചെയ്തായാളെ കണ്ടെത്തണം. അയാളാണ് ഈ മോശം ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തത് - മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.20 സമയത്താണ് ഗ്രൂപ്പില്‍ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനത്തിന്‍റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല മന്ത്രിയുടെ പ്രവര്‍ത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

പ്രതിപക്ഷ കക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിത വിഭാഗം പനാജിയിലെ വനിത പൊലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. വനിതകളുടെ അന്തസ് കളങ്കപ്പെടുത്തിയതിനും,പോണ്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവും കേസ് എടുക്കാനാണ് പരാതിയില്‍ പറയുന്നത്.

മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആയിരുന്ന ചന്ദ്രകാന്ത് കവലെക്കര്‍ 2019ല്‍ 10 എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി മാറി ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഗോവ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്. ബിജെപിയിലേക്ക് കൂടുമാറും മുന്‍പ് ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രകാന്ത് കവലെക്കര്‍.

click me!