
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു വ്യക്തിയുടെ ശബ്ദം അനുകരിക്കാനും ഡീപ്പ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കാനാകുന്നതും പോലെ കയ്യെഴുത്തു പ്രതിയും പകര്‍ത്താനാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഒരാള്‍ കൈപ്പടയില്‍ എഴുതിയ ഖണ്ഡികകളില്‍ നോക്കി അത് അനുകരിക്കാന്‍ എഐയ്ക്ക് കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്ന് പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ എഐ സര്‍വകലാശാലയാണ് തങ്ങളെന്നും ഗവേഷണ സംഘം പറയുന്നു.
എഐയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി അക്ഷരങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും സമീപകാലത്തായി നടക്കുന്നുണ്ടായിരുന്നു. കൈക്ക് പരുക്കേറ്റ ഒരാള്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതാനും, ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പുകള്‍ വായിച്ചെടുക്കാനുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നതാണ് മെച്ചം. ഇത്തരത്തിലുള്ള ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും ഈ സാങ്കേതികവിദ്യ ദോഷകരമാവുമോ എന്ന ആശങ്കയും പലരും ഉയര്‍ത്തുന്നുണ്ട്.
വ്യാജ രേഖകളുടെ ദുരുപയോഗത്തിന് ഇത് വഴിവെക്കുമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ ഈ സാങ്കേതികവിദ്യ വിന്യസിക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതു അവബോധം സൃഷ്ടിക്കുകയും വ്യാജരേഖകള്‍ തടയുന്നതിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കുകയും വേണമെന്ന് ഗവേഷണ സംഘത്തിലെ കംമ്പ്യൂട്ടര്‍ വിഷന്‍ അസിസ്റ്റന്റ് പ്രൊഫസറായ ഹിഷാം ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സാങ്കേതികവിദ്യയുടെ വിവിധ ഉപയോഗ സാധ്യതകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഇതിനായി വാണിജ്യ പങ്കാളികളെയും ഇവര്‍ തേടുന്നുണ്ട്. നിലവില്‍ പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. ഈ സാങ്കേതികവിദ്യയ്ക്ക് ഇംഗ്ലീഷിലുള്ള എഴുത്തുകള്‍ പഠിക്കാനും എഴുതാനും കഴിയും. അറബി ഭാഷയും എഐയെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഗവേഷക സംഘം അറിയിച്ചു.
കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ക്രോം; 'വണ്‍ ടൈം' ഫീച്ചര്‍ അവതരിപ്പിച്ചു