സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍; ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തിനാണെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jun 1, 2021, 11:02 AM IST
Highlights

പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയത് എന്ന് പറയുന്നു. ഇതിലേക്ക് മാറുവാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ആവശ്യമായ സമയവും നല്‍കിയിരുന്നു മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ദില്ലി: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള ഐടി നിയമപ്രകാരമുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തിനാണെന്ന് കേന്ദ്ര ഐടി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇത്തരത്തില്‍ ഉപയോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാറിന് ഇടപെടേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

സര്‍ക്കാറിന്‍റെ വരുതിയില്‍ നില്‍ക്കാത്ത സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാനാണ് ഈ നിയമം എന്ന വാദത്തെ തള്ളുന്ന രവിശങ്കര്‍ പ്രസാദ്, 2018 മുതല്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ച വിധികളും, പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയത് എന്ന് പറയുന്നു. ഇതിലേക്ക് മാറുവാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ആവശ്യമായ സമയവും നല്‍കിയിരുന്നു മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയില്‍ ബിസിനസ് ചെയ്യാം, ലാഭമുണ്ടാക്കാം, അവരുടെ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ ഇന്ത്യയിലെ ഭരണഘടനയും നിയമവും അനുസരിക്കണം. അമേരിക്കയിലെ നിയമങ്ങള്‍ ഇന്ത്യയില്‍ അന്തമായി പിന്തുടരുന്നത് അനുവദിക്കാന്‍ സാധിക്കില്ല - രവിശങ്കര്‍ പ്രസാദ് പറയുന്നു. 

ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനങ്ങളുടെ ആവശ്യത്തില്‍ നിന്നും, കോടതികളുടെ നിര്‍ദേശങ്ങളില്‍ നിന്നും, പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ നിന്നും വന്നതാണ്. പ്രതികാര പോണ്‍ ആക്രമണത്തിന് വിധേയായ ഒരു അമ്മ എന്നോട് നടപടി ആവശ്യപ്പെടുമ്പോള്‍ അമേരിക്കയില്‍ പോയി ട്വിറ്ററിനോട് ചോദിക്ക് എന്ന് എനിക്ക് പറയാന്‍ പറ്റുമോ? - രവിശങ്കര്‍ പ്രസാദ് പറയുന്നു.

ക്യാപിറ്റോള്‍ ഹില്ലില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ അതിവേഗത്തില്‍ നടപടി എടുക്കും. എന്നാല്‍ തീവ്രവാദി അനുകൂലികള്‍ ലാല്‍ ക്വയിലയില്‍ ആക്രമണം നടത്തിയാല്‍ അതിന്‍റെ പേരില്‍ നടപടി ഇല്ല. ലഡാക്കിന്‍റെ ഭാഗം ചൈനയോട് ചേര്‍ത്തുള്ള പോസ്റ്റ് പിന്‍വലിക്കാന്‍ ദിവസങ്ങളോളം നമ്മള്‍ കാത്തിരിക്കണം, എന്നാല്‍ കൊറോണ വൈറസിന്‍റെ പതിപ്പിന് സിംഗപ്പൂര്‍ എന്ന പേര് വന്നാല്‍ അവര്‍ പ്രതിഷേധിച്ചയുടന്‍ മാറ്റുന്നു. നമ്മള്‍ ഒരാഴ്ച കാത്തിരിക്കണം, ഈ ഇരട്ട നീതി അനുവദിക്കാന്‍ സാധിക്കില്ല. നിയമങ്ങള്‍ ഒരുപോലെയാകണം, മന്ത്രി അഭിമുഖത്തില്‍ പറയുന്നു. 

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരു സാധാരണ ഉപയോക്താവ് ഒന്നും പേടിക്കേണ്ടതില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് സംഘര്‍ഷത്തിന് കാരണമാകുന്ന, രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്ന, സ്ത്രീകളെ ആക്രമിക്കുന്ന, മറ്റ് മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഭയക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

click me!