Starlink India Head Quits : മസ്‌കിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി; സ്റ്റാര്‍ ലിങ്ക് ഇന്ത്യ മേധാവി രാജിവച്ചു

Web Desk   | Asianet News
Published : Jan 05, 2022, 07:12 PM IST
Starlink India Head Quits : മസ്‌കിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി; സ്റ്റാര്‍ ലിങ്ക് ഇന്ത്യ മേധാവി രാജിവച്ചു

Synopsis

സ്റ്റാര്‍ലിങ്കില്‍ തന്റെ അവസാന പ്രവൃത്തിദിവസം ഡിസംബര്‍ 31 ആയിരുന്നു. വ്യക്തികളോടും മാധ്യമങ്ങളോടും തനിക്ക് ഒന്നും പറയാനില്ല, തന്റെ അഭിപ്രായങ്ങള്‍ ആരായാന്‍ ശ്രമിക്കരുത്, തന്റെ സ്വകാര്യതയെ മാനിക്കണം എന്നുമാണ് ഭാര്‍ഗവ പറഞ്ഞിരിക്കുന്നത്.

ദില്ലി: ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവി സഞ്ജയ് ഭാര്‍ഗവ രാജിവച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ താന്‍ കമ്പനിയുടെ ഭാഗമല്ല എന്നാണ് ഭാര്‍ഗവ പറയുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കിനോട് ഇനി ബുക്കിങ് സ്വീകരിക്കരുതെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം ലൈസന്‍സ് വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ആവശ്യപ്പെട്ടിരുന്നു. 

ഇതേത്തുടര്‍ന്നാണ് ഭാര്‍ഗവ രാജിവച്ചതെന്നാണ് കരുതുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കായി ബുക്ക് ചെയ്യരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. താന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഡയറക്ടര്‍, ബോര്‍ഡ് ചെയര്‍മാന്‍ എന്ന പദവികളിൽ നിന്നും രാജിവച്ചു എന്ന് ഭാര്‍ഗവ ലിങ്ക്ട്ഇന്‍ പോസ്റ്റില്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 

സ്റ്റാര്‍ലിങ്കില്‍ തന്റെ അവസാന പ്രവൃത്തിദിവസം ഡിസംബര്‍ 31 ആയിരുന്നു. വ്യക്തികളോടും മാധ്യമങ്ങളോടും തനിക്ക് ഒന്നും പറയാനില്ല, തന്റെ അഭിപ്രായങ്ങള്‍ ആരായാന്‍ ശ്രമിക്കരുത്, തന്റെ സ്വകാര്യതയെ മാനിക്കണം എന്നുമാണ് ഭാര്‍ഗവ പറഞ്ഞിരിക്കുന്നത്. ഇനിയും അനിശ്ചിതമായി നീളുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്‍ഗവ പറയുന്നു. 

നവംബറില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ലിങ്ക് ഇന്ത്യ ഇന്ത്യയില്‍ നിന്നുള്ള പ്രീബുക്കിങ് ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ പണം വാങ്ങിയുള്ള മുന്‍കൂര്‍ ബുക്കിങ് പാടില്ലെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതോടെ അത് നിര്‍ത്തിവെക്കുകയായിരുന്നു. സ്റ്റാര്‍ലിങ്ക് സേവനത്തിനായി ഇന്ത്യയില്‍ നിന്നും ഇതുവരെ ബുക്ക് ചെയ്തവര്‍ക്കെല്ലാം പണം തിരികെ നല്‍കാനൊരുങ്ങുകയാണ് കമ്പനി.

നേരത്തെ ജനുവരി 31-ന് ലൈസന്‍സിനായി അപേക്ഷിക്കുമെന്ന് സഞ്ജയ് ഭാര്‍ഗവ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. ഇത് സാധ്യമാകാതെ കമ്പനി അനിശ്ചിത്വത്തിലായതോടെയാണ് ഇദ്ദേഹത്തിന്റെ പടിയിറക്കം എന്നാണ് അണിയറ വര്‍ത്തമാനം. ഇന്ത്യയെ ഒരു പ്രധാന വിപണിയായാണ് സ്റ്റാര്‍ലിങ്ക് പരിഗണിക്കുന്നത് എന്നാണ് ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് വ്യക്തമാക്കിയത്. ഇന്ത്യയില്‍ അംഗീകാരം നേടിയെടുക്കുന്നതിനുള്ള കടമ്പകള്‍ കടക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാറിന് അടക്കം ഇതിനോട് അനുകൂല മനോഭാവം അല്ല.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ