
ദില്ലി: ലോകത്തെ ഏറ്റവും വലിയ വിപിഎന്‍ സേവന ദാതാക്കളിൽ പെടുന്ന നോര്‍ഡ് വിപിഎന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ആഗോളതലത്തിൽ ഏകദേശം അഞ്ച് ദശലക്ഷം ആളുകളുടെ ഡാറ്റ ബോട്ട് മാർക്കറ്റിൽ വിറ്റതായി പറയുന്നു. അതിൽ 600,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് വിവരം. ഈ ലിസ്റ്റില്‍ പെട്ടിരിക്കുന്നത് ഇന്ത്യക്കാരാണ് കൂടുതല്‍ എന്നാണ് വിവരം.
മാൽവെയർ ഉപയോഗിച്ച് ഇരകളുടെ ഉപകരണങ്ങളിൽ നിന്ന് മോഷ്ടിച്ച ഡാറ്റ വിൽക്കാന്‍ ഹാക്കർമാർ ബോട്ട് മാർക്കറ്റുകൾ ഉപയോഗിച്ചുവെന്നാണ് വിവരം.
ലിത്വാനിയയിലെ നോർഡ് സെക്യൂരിറ്റിക്ക് കീഴിലുള്ള നോര്‍ഡ് വിപിഎന്‍ നടത്തിയ പഠനത്തിൽ, മോഷ്ടിച്ച ഡാറ്റയിൽ ഉപയോക്തൃ ലോഗിനുകൾ, കുക്കികൾ, ഡിജിറ്റൽ ഫിംഗർപ്രിൻറുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്റിറ്റിയുടെ ശരാശരി വില 490 ഇന്ത്യൻ രൂപ ആണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2018-ൽ ബോട്ട് മാർക്കറ്റുകൾ ആരംഭിച്ചതുമുതൽ കഴിഞ്ഞ നാല് വർഷമായി നോര്‍ഡ് വിപിഎന്‍ ഇത് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യൻ സൈബർ സുരക്ഷാ നിയമങ്ങൾ ഈ വർഷം ആദ്യം കർശനമാക്കിയിരുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി) ടെക് കമ്പനികളോട് സൈബര്‍ ആക്രമണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാല്‍ ആറ് മണിക്കൂറിനുള്ളിൽ ഡാറ്റാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും, ആറ് മാസത്തേക്ക് ഐടി, കമ്മ്യൂണിക്കേഷൻ ലോഗുകൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ കുറച്ചുകാലമായി സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം, മന്ത്രിമാർ, രാഷ്ട്രീയക്കാർ, പൊതുജനങ്ങൾ എന്നിവര്‍ എല്ലാം ആശ്രയിക്കുന്ന ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഒന്നിലധികം സെർവറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
എയിംസിലെ റാൻസംവെയർ ആക്രമണത്തിന് ഒരാഴ്ചയ്ക്ക് ശേഷം, നവംബർ 30-ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 24 മണിക്കൂറിനുള്ളിൽ 6,000 ഹാക്കിംഗ് ശ്രമങ്ങൾ നേരിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദില്ലി എയിംസിലെ സര്‍വര്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നും; സംശയ മുനയിൽ ചൈന ?