സര്‍ക്കാര്‍ അറിവോടെ വിവരങ്ങള്‍ ചോര്‍ത്തിയതാകാമെന്ന സംശയവും റിപ്പോര്‍ട്ട് പങ്ക് വയക്കുന്നു

ദില്ലി: ദില്ലി എയിംസിലെ സര്‍വറുകള്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്ന് സൂചന. സംഭവത്തിൽ ചൈനയുടെ പങ്ക് സംശയിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം കേന്ദ്രത്തിന് കൈമാറി. വിവിഐപികളുടേതടക്കം വിവരങ്ങള്‍ ചോര്‍ന്നെന്ന പ്രാഥമിക നിഗമനത്തെ അന്വേഷണ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുവെന്നാണ് വിവരം.

നവംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ദില്ലി എയിംസിലെ സര്‍വറുകളിൽ ഹാക്കിംഗ് നടന്നതെന്നാണ് വിവരം. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഹാക്ക് ചെയ്തെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനാകുമോയെന്ന് സംശയമാണ്. ചോര്‍ത്തലിന് പിന്നില്‍ വിദേശ രാജ്യത്തിന്‍റെ ഇടപെടലുണ്ട്. ഏത് രാജ്യമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും സംശയത്തിന്‍റെ മുന നീളുന്നത് ചൈനക്ക് നേരെയാണ്. 

സര്‍ക്കാര്‍ അറിവോടെ വിവരങ്ങള്‍ ചോര്‍ത്തിയതാകാമെന്ന സംശയവും റിപ്പോര്‍ട്ട് പങ്ക് വയക്കുന്നു. വന്നെറെന്‍ എന്ന റാംസെന്‍വയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനീസ് ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ ഫ്ലൈ, ബ്രോണ്‍ സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ ഇന്‍റലിജന്‍സ് ഏജന്‍സികളും സംശയിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആശുപത്രികളെയും, ഫാര്‍മ ഗ്രൂപ്പുകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. 

എയിംസ് സെര്‍വറുകളുടെ പരിപാലനം സ്വകാര്യ കമ്പനിയയെയാണ് ഏല്‍പിച്ചിരുന്നത്. വിവര ചോര്‍ച്ചക്ക് പിന്നില്‍ ഗൂഢാലോചന കൂടി സംശയിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്യും. ഇവരുടെ സേവനം അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

സംഭവത്തിൽ എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. അതേ സമയം ഹാക്കിംഗ് നടന്ന് പത്ത് ദിവസമായിട്ടും ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട സര്‍വറുകള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ കാലതാമസമാണ് സേവനങ്ങളെ ബാധിച്ചിരിക്കുന്നത്.