ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ അധ്യാപികയുടെ വാട്ട്സ്ആപ്പ് റാഞ്ചി വിദ്യാര്‍ത്ഥി, അധ്യപകര്‍ ജാഗ്രതേ.!

By Web TeamFirst Published Aug 17, 2021, 7:58 AM IST
Highlights

ഓണ്‍ലൈന്‍ ക്ലാസ് അവസാനിച്ചതിന് ശേഷം ടീച്ചറിന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗൗട്ട് ആയതോടെ പരിഭ്രാന്തയായ അവര്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. 

ണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായതോടെ നിരവധി പ്രശ്‌നങ്ങളാണ് ഓരോ ദിവസവും ഉയരുന്നത്. പുതിയ സംഭവം കോഴിക്കോട്ട് നിന്നാണ്. ഇവിടെ ഒരു അധ്യാപികയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്ത് അതു സ്വന്തമാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചത് അവരുടെ ക്ലാസിലെ തന്നെ വിദ്യാര്‍ത്ഥിയാണ്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നു ഭയന്ന അധ്യാപിക വിവരം സൈബര്‍ സെല്ലിനെ അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി കുടുങ്ങിയതും. സംഭവം ഇങ്ങനെ.

ഓണ്‍ലൈന്‍ ക്ലാസ് അവസാനിച്ചതിന് ശേഷം ടീച്ചറിന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗൗട്ട് ആയതോടെ പരിഭ്രാന്തയായ അവര്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. സൈബര്‍ സെല്‍ അന്വേഷണത്തില്‍ അവരുടെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഈ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നതായി കണ്ടെത്തി. ഇയാള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഓണ്‍ലൈനില്‍ ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍, അവരുടെ ഫോണിന്റെ സ്‌ക്രീന്‍ പലപ്പോഴും പങ്കിടേണ്ടി വന്നിരുന്നുവത്രേ. ഇങ്ങനെ, ക്ലാസ്സില്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഫോണിലെ എല്ലാ നോട്ടിഫിക്കേഷനുകളും കാണാനാകും.

ഈ വിദ്യാര്‍ത്ഥി സാഹചര്യം മുതലെടുക്കാന്‍ തീരുമാനിച്ചു. അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്റെ ഫോണില്‍ വാട്ട്‌സ്ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചു. അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുന്നതിന്, ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ആവശ്യമാണ്. അധ്യാപികയുടെ ഫോണില്‍ ഒടിപി ശരിയായി വന്നപ്പോള്‍, സ്‌ക്രീന്‍ ഷെയറിങ്ങിലൂടെ വിദ്യാര്‍ത്ഥിക്ക് അത് എളുപ്പത്തില്‍ കാണാന്‍ കഴിഞ്ഞു. 

ആ ഒടിപി ഉപയോഗിച്ച് അയാള്‍ ടീച്ചറുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തു. രണ്ട് വ്യത്യസ്ത ഫോണുകളില്‍ ഒരേസമയം ഉപയോഗിക്കാന്‍ വാട്ട്‌സ്ആപ്പ് അനുവദിക്കാത്തതിനാല്‍, ഇങ്ങനെ ചെയ്തതിന്റെ ഫലമായി, ടീച്ചറിന്റെ അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ എല്ലാവരുടെയും ഫോണുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത്.

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യപകര്‍ ശ്രദ്ധിക്കേണ്ടത്

ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രസന്‍റേഷനും മറ്റും കാണിക്കാന്‍ സ്ക്രീന്‍ ഷെയറിംഗ് അത്യവശ്യമാണ്. അതിനാല്‍ തന്നെ ക്ലാസില്‍ കയറും മുന്‍പ് അധ്യപകര്‍ മറ്റ് ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍സ് ഓഫാക്കി വയ്ക്കുക. നിങ്ങളുടെ ഫോണില്‍ സെറ്റിംഗ്സില്‍ നോട്ടിഫിക്കേഷനില്‍ പോയാല്‍ ഇത് സാധ്യമാകും. ഇതുവഴി സന്ദേശങ്ങല്‍ പോപ്പ് അപ്പായി നിങ്ങളുടെ സ്ക്രീനില്‍ വരുന്നത് തടയാം. ഇത് അധ്യപകര്‍ക്ക് മാത്രമല്ല എല്ലാതരക്കാര്‍ക്കും ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് പാലിക്കേണ്ട കാര്യമാണ്. അതുവഴി ഇത് മുതലെടുത്ത് നടക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാം.

click me!