Latest Videos

'ട്രംപിനെ ട്വിറ്ററില്‍ നിന്നും പുറത്താക്കിയാളെ' ട്വിറ്റര്‍ മുതലാളി മസ്ക് പിരിച്ചുവിടുമ്പോള്‍.!

By Web TeamFirst Published Oct 28, 2022, 4:22 PM IST
Highlights

ഇന്ത്യയിലെ ഒരു വിഭാഗവും വിജയാ ഗാഡെയുടെ പുറത്താക്കല്‍ ആഘോഷിക്കുന്നുണ്ട് എന്നാണ് ട്വിറ്റര്‍ ഫീഡുകള്‍ കാണിക്കുന്നത്. 

ന്യൂയോര്‍ക്ക്: ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോൺ മസ്‌ക്. ട്വിറ്ററില്‍ ആദ്യം ചെയ്ത നടപടി കൂട്ടപിരിച്ചുവിടലാണ്. സിഇഒ പരാഗ് അഗർവാൾ, ലീഗൽ ആന്റ് പോളിസി ഹെഡ് വിജയാ ഗാഡെ എന്നിവരുൾപ്പെടെ കമ്പനിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകളെ പുറത്താക്കി മസ്ക്.

ഇതില്‍ തന്നെ  വിജയാ ഗാഡെയുടെ പിരിച്ചുവിടല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആഘോഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്വിറ്ററിലെ ഉന്നതരുടെ പിരിച്ചുവിടൽ അപ്രതീക്ഷിതമല്ല എന്നതാണ് സത്യം. കാരണം ഈ വർഷം ഏപ്രിലിൽ ടെസ്‌ല സിഇഒ തന്റെ ട്വിറ്റർ ഏറ്റെടുക്കൽ പദ്ധതി വ്യക്തമാക്കുന്ന സമയത്ത് തന്നെ ട്വിറ്റർ നേതൃത്വത്തിന്റെ “ചില പക്ഷപാത”ത്തെക്കുറിച്ച് തന്‍റെ കാഴ്ചപ്പാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതോടെ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ പലരുടെയും തലതെറിക്കും എന്ന് ഉറപ്പായിരുന്നു. 

2021 ലെ ക്യാപിറ്റോൾ ഹിൽ അക്രമത്തെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതിന് പിന്നിലെ പ്രധാന കാരണക്കാരി ഇപ്പോള്‍ പുറത്താക്കിയ  ലീഗൽ ആന്റ് പോളിസി ഹെഡ് വിജയാ ഗാഡെയാണ് എന്ന പ്രചാരണമാണ് ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കാരണമാകുന്നത്.   “ഹണ്ടർ ബൈഡനെ”ക്കുറിച്ചുള്ള ന്യൂയോർക്ക് പോസ്റ്റ് വാര്‍ത്ത ട്വിറ്റര്‍  തടഞ്ഞതിലും വിജയയ്ക്ക് പങ്കുണ്ടെന്നാണ് വിവരം.  ഇതോടെയാണ് വിജയയുടെ പടിയിറക്കം യുഎസിലെ ട്രംപ് അനുകൂലികളും, വലതുപക്ഷക്കാരും സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കുന്നതിന് കാരണം. 

ഇന്ത്യയിലെ ഒരു വിഭാഗവും വിജയാ ഗാഡെയുടെ പുറത്താക്കല്‍ ആഘോഷിക്കുന്നുണ്ട് എന്നാണ് ട്വിറ്റര്‍ ഫീഡുകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ  വലതുപക്ഷ അനുഭാവികളും ഗാഡെയെ പുറത്താക്കിയതിൽ സന്തോഷിക്കുന്നതിന്‍റെ പ്രധാന കാരണം ഇവരുടെ ഒരു വിവാദ പരാമര്‍ശമാണ്. 2018-ൽ, ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി, ഗാഡെയ്‌ക്കൊപ്പം, അവരുടെ ഇന്ത്യാ സന്ദർശന വേളയിൽ, “ബ്രാഹ്മണിക്കൽ പുരുഷാധിപത്യത്തെ തകർക്കുക” എന്ന് എഴുതിയ ഒരു പോസ്റ്ററിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഏറെ വിവാദമായിരുന്നു.

ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രചാരണത്തിൽ ഡോർസി പങ്കെടുത്തെന്ന് ആരോപിച്ച മുൻ ഇൻഫോസിസ് ഡയറക്ടർ മോഹൻദാസ് പൈയെപ്പോലുള്ളവര്‍ അന്ന് അതിനെതിരെ രംഗത്ത് എത്തിയിരുന്നു. അതില്‍ വിജയയുടെ പങ്കും അന്ന് ചര്‍ച്ചയായി. അതിനാല്‍ തന്നെ ഇവരുടെ പുറത്താകല്‍ പലവിധത്തിലുള്ള ട്വീറ്റുകളാണ് ഫീഡുകളില്‍ നിറയ്ക്കുന്നത്. 

എന്തായാലും ട്വിറ്ററില്‍ വലിയൊരു യുദ്ധികലശത്തിനാണ് ഇലോണ്‍ മസ്ക് ഒരുങ്ങുന്നത് എന്ന് വ്യക്തമാണ്. മസ്ക് തന്നെ മുന്‍പ് ഒരിക്കല്‍   വിജയാ ഗാഡെയുടെ ഒരു പോഡ്കാസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ അവര്‍ക്കെതിരെ പരസ്യമായി ഒരു മീം ഇട്ടിരുന്നു. ഇത് അവര്‍ക്കെതിരെ വംശീയ അധിക്ഷേപമായി വളര്‍ന്നു. ഇതിന് പിന്നാലെ ഇതിനെ പ്രതിരോധിച്ച് പുറത്താക്കപ്പെട്ട സിഇഒ പരാഗ് അഗർവാൾ രംഗത്ത് എത്തിയിരുന്നു. ഇതെല്ലാം ഇലോണ്‍ മസ്കിന്‍റെ നടപടിയിലേക്ക് നയിച്ചിരിക്കാം. 

മസ്‌ക് ഏറ്റെടുത്താലും അനുസരിക്കേണ്ട നിയമം അനുസരിക്കണം; ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയ്ക്കും, യുഎസിനും എതിരെ പാകിസ്ഥാന്‍റെ രഹസ്യ സൈബര്‍ ആര്‍മി; ചെല്ലും ചെലവും കൊടുത്ത് തുര്‍ക്കി
 

click me!