ഒടുവില്‍ വാട്ട്സ്ആപ്പ് കാലുമാറുന്നു; പരസ്യം കാണേണ്ടി വരും

By Web TeamFirst Published May 30, 2019, 10:46 PM IST
Highlights

ഫേസ്ബുക്ക് തീരുമാനം വാട്ട്സ്ആപ്പിന്‍റെ രൂപീകരണ ആദര്‍ശത്തിന് കടകവിരുദ്ധമാണ് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. 

ദില്ലി: വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പിന്‍റെ സാറ്റാറ്റസുകളിലാണ്  പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. 

ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട്  സമാനമായിരിക്കും എന്നാണ് ചില വിദേശ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പുകളിലൊന്നാണ് വാട്ട്സ്ആപ്പ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ ദിവസവും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് സൂചന. 

എന്നാല്‍ ഫേസ്ബുക്ക് തീരുമാനം വാട്ട്സ്ആപ്പിന്‍റെ രൂപീകരണ ആദര്‍ശത്തിന് കടകവിരുദ്ധമാണ് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. വാട്ട്സ്ആപ്പ് സൃഷ്ടാക്കളായ ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവരുടെ ആദര്‍ശം പ്രകാരം വാട്‌സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്‌സ് വാങ്ങുമെന്നാണ്. പിന്നീട് 2014 ല്‍ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഏറ്റെടുത്തു.

അതിനിടെ ചില ദിവസങ്ങള്‍ക്ക് മുന്‍പ് വാട്ട്സ്ആപ്പ് ഫേസ്ബുക്കിന്‍റെ ലാഭത്തെ തിന്നുതീര്‍ക്കുന്നു എന്ന് വിമര്‍ശനം ഉയരുന്നതിനിടെ അത് ശരിവയ്ക്കും രീതിയില്‍ പ്രതികരിച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത് എത്തിയിരുന്നു.

വാട്ട്സ്ആപ്പില്‍ അംഗങ്ങള്‍ കൂടിയതോടെ ഏറെ വരുമാനം ലഭിച്ചുക്കൊണ്ടിരുന്ന ഫെസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. മിക്ക രാജ്യങ്ങളിലും വാട്ട്സ്ആപ്പാണ് കൂടുതൽ ഉപയോഗിക്കുന്ന ആപ്. പരസ്യങ്ങൾ നൽകാൻ കഴിയുന്ന ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നവരുടെ എണ്ണം താഴെക്കായി. ഇന്ത്യയിൽ വാട്ട്സ്ആപ്പ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഫേസ്ബുക്കിന്‍റെ നിലനിൽപ്പിനും വരുമാനത്തിനും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നൊണെന്നാണ് സുക്കർബർഗ് പറഞ്ഞത്.

click me!