ഈ ഇലക്ഷന്‍ കാലത്ത് വാട്ട്സ്ആപ്പിനെയും തോല്‍പ്പിച്ചു.!

By Web TeamFirst Published May 22, 2019, 11:34 AM IST
Highlights

1000 രൂപ മുതല്‍ വിലയുള്ള സോഫ്റ്റ്വെയര്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ് നിയന്ത്രണത്തെ അട്ടിമറിച്ചത് എന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേര്‍സിനോട് സംസാരിച്ച രോഹിത്താഷ് റെസ്പാള്‍ 

ദില്ലി: ഇന്ത്യയില്‍ ഒരു തെരഞ്ഞെടുപ്പ് കാലം അവസാനിക്കാന്‍ ഇരിക്കുകയാണ്. മെയ് 23 ജനങ്ങള്‍ ഇവിഎമ്മുകളില്‍ ഇട്ട ജനവിധി പുറത്ത് എത്തുന്നതോടെ അടുത്ത രാജ്യത്തിന്‍റെ ഭരണാധികാരികള്‍ ആരെന്ന് അറിയാം. ഒരു മാസത്തില്‍ ഏറെ നീണ്ട തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ച തന്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ ഒരുക്കമായിരുന്നു നടത്തിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത് വാട്ട്സ്ആപ്പ് ആണെന്ന ആരോപണത്തിന് ശേഷമായിരുന്നു ഇത്.

ഫോര്‍വേഡ് സന്ദേശങ്ങള്‍ അയക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയത് ആയിരുന്നു പ്രധാന പരിഷ്കാരം. എന്നാല്‍ ഇത് മറികടക്കാന്‍ ഭരണകക്ഷിയായ ബിജെപിയും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും വിവിധ സംവിധാനങ്ങളിലൂടെ ശ്രമിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പാര്‍ട്ടികളുടെ ഐടി സെല്ലുകള്‍ നേരിട്ടാണ് ഈ പ്രവര്‍ത്തനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഈ ഐടി സെല്‍ മേധാവികള്‍ തയ്യാറായില്ല.

1000 രൂപ മുതല്‍ വിലയുള്ള സോഫ്റ്റ്വെയര്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വാട്ട്സ്ആപ്പ് നിയന്ത്രണത്തെ അട്ടിമറിച്ചത് എന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേര്‍സിനോട് സംസാരിച്ച രോഹിത്താഷ് റെസ്പാള്‍ എന്ന വ്യക്തി ദില്ലിയിലെ തന്‍റെ വീട്ടിലിരുന്നു 1000 രൂപ ചിലവുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രണ്ട് ബിജെപി അംഗങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം സന്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. 

മൂന്ന് രീതിയിലാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് വാട്ട്സ്ആപ്പ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മറികടന്നത് എന്നാണ് റോയിട്ടേര്‍സ് പറയുന്നത്. ആദ്യത്തേത് വാട്ട്സ്ആപ്പ് ക്ലോണുകള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇത് ഗ്രൂപ്പുകള്‍ വഴി സന്ദേശ പ്രചാരണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. രണ്ടാമത്തേത് ഐടി സ്ഥാപനങ്ങളുടെ സഹായത്തോടെ വലിയ അളവില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ്. ഒപ്പം പ്രത്യേക സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് സന്ദേശത്തിന്‍റെ ഓട്ടോമാറ്റിക്ക് കൈമാറ്റം വഴിയാണ്.

ഇത്തരത്തില്‍ ഉപയോഗിച്ച പല സോഫ്റ്റ് വെയറുകളും ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള സോഫ്റ്റ്വെയറുകള്‍ റോയിട്ടേര്‍സ് ഓണ്‍ലൈനില്‍ വാങ്ങുകയും പരിശോധിക്കുകയും ചെയ്തതായും പറയുന്നു. വാട്ട്സ്ആപ്പ് ക്ലോണിനായി പ്രധാനമായും  “GBWhatsApp” “JTWhatsApp” എന്നീ ടൂളുകള്‍ ഉപയോഗിച്ചതായി കോണ്‍ഗ്രസ്, ബിജെപി വൃത്തങ്ങള്‍ പറഞ്ഞതായും റോയിട്ടേര്‍സ് പറയുന്നു. 14 ഡോളര്‍ വിലവരുന്ന ബിസിനസ് സെന്‍റര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് സന്ദേശങ്ങള്‍ കൈമാറി എന്നാണ് റോയിട്ടേര്‍സ് കണ്ടെത്തിയത്.

click me!