സര്‍ക്കാര്‍ സഹായിക്കണം അല്ലെങ്കില്‍ ഐഡിയ-വോഡഫോണിന്‍റെ കഥകഴിയുമെന്ന് കെഎം ബിര്‍ള

By Web TeamFirst Published Dec 6, 2019, 6:16 PM IST
Highlights

ടെലികോം വളരെ പ്രധാനപ്പെട്ട മേഖലയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാകുന്നില്ല.  ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മുഴുവന്‍ ഇതിനെ ആശ്രയിച്ചാണ്. 

ദില്ലി: സര്‍ക്കാറിന്‍റെ സഹായം ലഭിച്ചില്ലെങ്കില്‍ മുന്‍നിര ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള. കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശിക 40,000 കോടി രൂപയായ പശ്ചാത്തലത്തിലാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ കെഎം ബര്‍ളയുടെ പരാമര്‍ശം.

'സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഐഡിയ വോഡഫോണിന്‍റെ കഥ അവസാനിക്കും.  മൂന്നുമാസത്തിനുള്ള ലോകത്ത് ഒരു കമ്പനിയ്ക്കും അത്രയും ഉയര്‍ന്ന തുക കൊണ്ടുവരാന്‍ സാധിക്കുകയില്ല.' കെ.എം ബിര്‍ള പറഞ്ഞു. വരുമാനത്തിന്‍റെ ഒരു ഭാഗം ലൈസന്‍സ് ഫീസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ. 

ടെലികോം വളരെ പ്രധാനപ്പെട്ട മേഖലയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാകുന്നില്ല.  ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മുഴുവന്‍ ഇതിനെ ആശ്രയിച്ചാണ്. അതിനാല്‍ തന്നെ വളരെ തന്ത്രപ്രധാനമായ മേഖലയാണ് ഇത്. എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) എന്നത് ഒരു മുറിയില്‍ ആന എന്നത് പോലെയാണ്. കോടതിയില്‍ ഇതിനെക്കുറിച്ച് ആരോ നുണ പറഞ്ഞിരിക്കാം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറാകണമായിരുന്നു. എന്നാല്‍ അവര്‍ പോയി സേവനദാതക്കള്‍ക്കെതിരെ കേസ് കൊടുത്തു.

ടെലികോം മേഖലയില്‍ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവില്‍ നിന്നുമാണ് ലൈസന്‍സ് ഫീസായി നല്‍കേണ്ടത്. അത്തരത്തില്‍ വൊഡഫോണ്‍-ഐഡിയ നല്‍കേണ്ട തുകയുടെ കുടിശ്ശിക 40,000 കോടി രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെ.എം ബിര്‍ളയുടെ പരാമര്‍ശം.

സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടായില്ലെങ്കില്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തുമെന്നും കെ എം ബിര്‍ള മുന്നറിയിപ്പ് നല്‍കി. നല്ല നിലയില്‍ സമ്പാദിച്ച പണം മോശം പണത്തിന് പിന്നാലെ പോകണം എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍- ഐഡിയ രേഖപ്പെടുത്തിയത്. ഇതിന് പുറമേ ലൈസന്‍സ് ഫീസ് ഇനത്തില്‍ 44,200 കോടിയുടെ ബാധ്യത കൂടി കമ്പനിയ്ക്കുണ്ട്.

click me!